ദില്ലി: കേരളത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ വിമര്‍ശനത്തോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രം കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന കെഎന്‍ ബാലഗോപാലിന്റെ പരാമര്‍ശം വിഘടനവാദികളുടേതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അര്‍ത്ഥമറിഞ്ഞ് വാക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ മറികടന്ന് കേരളത്തിനോട് വിവേചനം കാണിച്ചെങ്കില്‍ വസ്തുതകള്‍ നിരത്തി വിശദീകരിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ധനകാര്യമന്ത്രിക്ക് കത്തെഴുതി മറുപടി വന്നതിനെക്കുറിച്ച് ബാലഗോപാല്‍ മിണ്ടുന്നില്ല. പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമാണ്. കേന്ദ്ര വിഹിതം വിതരണം ചെയ്യാനുള്ള മാനദണ്ഡം ഏത് തരത്തിലാണ് ലംഘിച്ചതെന്ന് ജനങ്ങളോട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. നികുതി പിരിവില്‍ കേരളത്തിന്റെ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. കടമെടുപ്പിന്റെ പരിധി കുറച്ചതിനെ കുറിച്ച് ബാലഗോപാല്‍ മിണ്ടുന്നില്ല. നീതി ആയോഗിന്റെ യോഗത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പങ്കെടുത്തില്ല? പാര്‍ട്ടി മീറ്റിംഗിന് ദില്ലിയില്‍ വരുമ്പോള്‍ മാത്രം മന്ത്രിമാരെ കണ്ടാല്‍ പലതും പരിഹരിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.ആറു വര്‍ഷമായിട്ടും കേരളത്തിന്റെ ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണ്? സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്നത് ധനകാര്യ മന്ത്രിക്ക് ചേര്‍ന്ന പ്രസ്താവനയല്ലെന്നും അദ്ദേഹം പറഞ്ഞു