ജിയോ മാസ്റ്റര്‍സ്‌ട്രോക്ക്! ഞെട്ടിക്കുന്ന വിലയില്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍
ഇന്ത്യയിലെ ടെലികോം രംഗത്തിന്റെ രസതന്ത്രം മാറ്റി മറിച്ചാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ കടന്നു വന്നത്. അസാധ്യമെന്ന് തോന്നിയ വിലക്കുറവില്‍ കോളും, ഡാറ്റയുമായി എത്തിയ ജിയോ ദിവസങ്ങള്‍കൊണ്ട് രാജ്യത്തെ ടെലികോം മേഖലയില്‍ അനിഷേധ്യ സാന്നിദ്ധ്യമായി. ജിയോ 5ജി സ്മാര്‍ട്ട്‌ഫോണ്‍.
രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. കൂട്ടത്തില്‍ റിയല്‍മി 8 5ജിയാണ് ഏറ്റവും വിലക്കുറവുള്ള ഫോണ്‍ (Rs 13 ,999). അതെ സമയം ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ജിയോയുടെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിലയുടെ കാര്യത്തില്‍ ഞെട്ടിക്കും. ജിയോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് - റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44-മത് വാര്‍ഷിക സമ്മേളനം (ആന്വല്‍ ജനറല്‍ ബോഡി) ഈ മാസം 24-ന് നടക്കും. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നതുപോലെ വിര്‍ച്വല്‍ ആയാണ് ഇത്തവണത്തേയും വാര്‍ഷിക സമ്മേളനം. ഈ സമ്മേളനത്തിലെ താരം ജിയോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വില - റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 50 ഡോളറിന് താഴെയായിരിക്കും ജിയോ 5ജി ഫോണിന്റെ വില. ഇപ്പോഴത്തെ നിരക്കില്‍ 3650 രൂപ വരുമിത്. മിക്കവാറും വിപണിയിലെത്തുമ്പോള്‍ 3500 രൂപയായിരിക്കും ഫോണിന്റെ വില. ഈ മാസത്തെ പ്രഖ്യാപനത്തിന് പുറകെ അധികം താമസമില്ലാതെ ബുക്കിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ഗൂഗിള്‍ ബന്ധം - അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ചാണ് വിലക്കുറവുള്ള ജിയോ 5ജി ഫോണ്‍ ഒരുങ്ങുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്നെ ഇക്കാര്യം അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഗോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അല്ലെങ്കില്‍ ഇതടിസ്ഥാനമായ ജിയോഓഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക.
ക്വാല്‍കോം ചിപ്‌സെറ്റ് - ഗൂഗിളുമായുള്ള പങ്കാളിത്തം കൂടാതെ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രൊസസര്‍ നിര്‍മാണത്തിലെ പ്രമുഖരായ ക്വാല്‍കോമുമായും റിലയന്‍സ് ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വില്പനയിലുള്ള ഒട്ടുമിക്ക 5ജി സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത് ക്വാല്‍കോം ചിപ്‌സെറ്റിന്റെ കരുത്തിലാണ്. സ്‌നാപ്ഡ്രാഗണ്‍ 480 5ജിയാണ് ക്വാല്‍കോമിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി ചിപ്‌സെറ്റ്. ഈ ചിപ്‌സെറ്റിന്റെ വിലക്കുറവുള്ള പതിപ്പവും ഒരുപക്ഷെ ജിയോ 5ജി സ്മാര്‍ട്‌ഫോണില്‍ ഇടം പിടിക്കുക.
200 മില്യണ്‍ ജിയോ ആന്‍ഡ്രോയിഡ് ഫോണുകള്‍ - ജിയോ പ്രാദേശിക ഘടക നിര്‍മ്മാതാക്കളോട് 200 ദശലക്ഷം ജിയോ ആന്‍ഡ്രോയിഡ് ഫോണുകള്‍ നിര്‍മ്മിക്കാന്‍ തക്കവണ്ണം നിര്‍മ്മാണം കൂട്ടണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് കഴിഞ്ഞ വര്‍ഷം പുറത്ത്വന്ന റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും ജിയോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വരവ് മുന്നില്‍ കണ്ടാണ്.