കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത്  ഇഡി കണ്ടുകെട്ടി
 



ദില്ലി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്‌സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കമാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ് നിലവില്‍ കണ്ടുകെട്ടിയിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി. ചിദംബരം മന്ത്രിയായിരിക്കെ കാര്‍ത്തി കള്ളപ്പണം സ്വീകരിച്ചുവെന്നും ഇഡി പ്രസ്താവനയില്‍ വിശദമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള ലോക് സഭാ എംപി കൂടിയാണ്. ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കാര്‍ത്തി ചിദംബരത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഐ.എന്‍.എക്‌സ് മീഡിയ കമ്പനിയില്‍ നിന്ന് വാങ്ങിയ 10 ലക്ഷം രൂപയുടെ വൗചര്‍ സിബിഐക്ക് കിട്ടിയിരുന്നു. മൂന്നുകോടിയിലധികം രൂപയുടെ നേട്ടം ഈ ഇടപാടില്‍ കാര്‍ത്തി ചിദംബരത്തിന് ഉണ്ടായതായും സിബിഐ പറയുന്നു.

ഈ കേസില്‍ 2019 ഓഗസ്റ്റില്‍ പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 65.88 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി ആരോപിക്കുന്നത്. 2018ലും കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 54 കോടി രൂപയുടെ സ്വത്തുക്കളാണ് അന്ന് ഇഡി കണ്ടുകെട്ടിയത്. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം 2018ല്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

 4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി ഐ.എന്‍.എക്‌സ് മീഡിയക്ക് അനുമതി നല്‍കിയത്. എന്നാല്‍ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടിയതായി സിബിഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചത്.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media