തിരുവനന്തപുരം: ഐഎസ് പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ കണ്ടെത്തല്‍. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രതികള്‍ തീരുമാനിച്ചതെന്ന് എന്‍ഐഎ കണ്ടെത്തി. പിടിയിലായ ആഷിഫ് ഉള്‍പ്പെടെ മൂന്ന് പേരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേര്‍ ഒളിവിലാണ്.
ഐഎസില്‍ ചേരാനായി പണം കണ്ടെത്താന്‍ ദേശസാല്‍കൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാന്‍പ്രതികള്‍ ആസൂത്രണം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം തുടങ്ങാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ക്രിമിനല്‍ കേസിലെ പ്രതികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴല്‍പ്പണം തട്ടി. സത്യമംഗലം കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫ് അറസ്റ്റിലായത്. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത ഫറൂഖും എന്‍ഐഎയുടെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രേരണ ചെലുത്തിയത് കേരളത്തില്‍ നിന്നും അഫ്ഗാനിലെത്തിയ ഒരാളാണെന്നാണ് പിടിയിലിയവരുടെ മൊഴി.
ടെലട്രാമില്‍ പെറ്റ് ലവേര്‍സ് എന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പിലെ തീവ്ര ആശയങ്ങളുമായി യോജിക്കുന്നവര്‍ രഹസ്യ ചാറ്റ് നടത്തി. സിറിയയിലേക്കും അഫ്ഗാനിലേക്കും പോകാനായിരുന്നു പദ്ധതി. ഇതിന് പണം സമ്പാദിക്കാന്‍ തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണസംഘം, ദേശസല്‍കൃത ബാങ്ക് എന്നിവ കവര്‍ച്ച ചെയ്യാന്‍ പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയെ കുറിച്ച കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കേരളത്തില്‍ നിന്നും അഫ്ഗാനിലെത്തിയ ഐഎസില്‍ ചേര്‍ന്ന ഒരാളുടെ നിര്‍ദ്ദേശവും ഗ്രൂപ്പിലുള്ളവര്‍ക്ക് ലഭിച്ചിരുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചു. തൃശൂരിലെ രണ്ട് പേരായിരുന്നു കാര്യങ്ങള്‍ നിയന്ത്രച്ചത്. മുമ്പും കേസുകളില്‍ പ്രതികളായ വരെ മുന്‍നിര്‍ത്തി സ്വര്‍ണം തട്ടാനും കവര്‍ച്ചക്കും ആസൂത്രണം നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി.
പാലക്കാട് 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയ ശേഷം സംഘത്തിലൊരാളായ ആഷിഫ് തമിഴ്‌നാട്ടിലേക്ക് കടന്നു. നേരൃമംഗലത്തെ കാട്ടിലേക്ക് കടന്ന് ഇയാള്‍ ഒരു ഫാം ഹൗസിലെ വൈ ഫൈ ഉപയോഗിച്ച് വീണ്ടും ഗ്രൂപ്പില്‍ ആശയങ്ങള്‍ പങ്കുവച്ചു. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് എന്‍ഐഎ സംഘം ആഷിഫിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുള്ള മറ്റൊരു പ്രധാന പ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഈ റോഡ്, ബംഗല്ലൂരൂ എന്നിവടങ്ങിലുള്ളവരും തീവ്രവാദ സംഘടനയില്‍ ചേരാനായി ഈ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. ഇതില്‍ മൂന്ന് പേരും എന്‍ഐഎയുടെ കസ്റ്റഡിലാണ്. ഗ്രൂപ്പിലുള്ളവരെ കുറിച്ച് വിശദമായ അന്വേഷണം കൊച്ചിയൂണിററ് നടത്തുകയാണ്.