ഷവോമിയുടെ 11ടി പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍; ലോഞ്ചിംഗ് സെപ്തംബര്‍ 15 ന്
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ ഷവോമി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ എംഐ എന്ന പേര് ഒഴിവാക്കിയതിന് പിന്നാലെ പുതിയ ഡിവൈസ് പുറത്തിറക്കാന്‍ പോകുന്നു. ഷവോമി 10ടി പ്രോ എന്ന പേരിലായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നത്. സെപ്റ്റംബര്‍ 15ന് നടക്കുന്ന ആഗോള ലോഞ്ച് ഇവന്റില്‍ വച്ചായിരിക്കും ഷവോമി ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുക എന്നാണ് സൂചനകള്‍. എന്നാല്‍ ഈ ഇവന്റില്‍ വച്ച് പുറത്തിറക്കുന്ന ഡിവൈസുകള്‍ ഏതൊക്കെയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഷവോമി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പ്രൊമോ വീഡിയോയില്‍ ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്ന 120W ഹൈപ്പര്‍ ചാര്‍ജുമായിട്ടായിരിക്കും എന്ന സൂചന നല്‍കുന്നുണ്ട്. ഈ വീഡിയോ പുറത്ത് വിട്ടതിനാല്‍ തന്നെ സെപ്റ്റംബര്‍ 15ന് നടക്കുന്ന ഇവന്റില്‍ വച്ച് ഡിവൈസ് ലോഞ്ച് ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഷവോമി 11ടി, ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ എംഐ 11 സീരിസ് സ്മാര്‍ട്ട്‌ഫോണുകളുടെ മെച്ചപ്പെടുത്തിയ പതിപ്പുകള്‍ ആയിരിക്കും എന്നാണ് സൂചനകള്‍. എംഐ എന്ന ബ്രാന്റിങ് ഡിവൈസുകളില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് 11ടി സീരിസ് ഫോണുകള്‍ക്കൊപ്പം ഷവോമി എന്ന് തന്നെ ചേര്‍ത്തിരിക്കുന്നത്.
എഫ്എച്ച്ഡി+ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും സപ്പോര്‍ട്ട് ചെയ്യുന്ന ഒലെഡ് പാനല്‍ ആയിരിക്കും പുതിയ ഷവോമി 11ടി, ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉണ്ടായിരിക്കുക എന്നാണ് സൂചനകള്‍. ഈ ഡിവൈസുകള്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1200 എസ്ഒസിയുടെ കരുത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുന്നത്. ഈ ചിപ്പ്‌സെറ്റ് ഈ വര്‍ഷത്തെ മിക്ക മിഡ്-പ്രീമിയം ഡിവൈസുകള്‍ക്കുമുള്ള മികച്ച ചിപ്പ്‌സെറ്റാണ്. അതേ സമയം ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസിയുടെ കരുത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക എന്ന് അവകാശപ്പെടുന്ന ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
എംഐ 11, എംഐ 11 അള്‍ട്ര എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ സീരിസിലെ പുതിയ മോഡലുകളായ ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവയില്‍ സമാനമായ ചിപ്പ്‌സെറ്റ് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പുതിയ ഡിവൈസുകള്‍ ഡൈമെന്‍സിറ്റി 1200 പ്രോസസറിലാണ് പുറത്തിറക്കുന്നത് എങ്കില്‍ അത് ഡൗണ്‍ഗ്രേഡിങ് ആയിരിക്കും. ഡൈമെന്‍സിറ്റി 1200 പ്രോസസറിനെക്കാള്‍ ശക്തവും പ്രീമിയം ഡിവൈസുകളില്‍ ഉപയോഗിക്കുന്നതുമായ ചിപ്പ്‌സെറ്റാണ് സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസി. ഈ വര്‍ഷം പുറത്തിറങ്ങിയ മിക്ക പ്രീമിയം ഡിവൈസുകളിലും ഈ ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഡിവൈസ് പുറത്തിറങ്ങുക 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുമായിട്ടായിരിക്കും. അതേസമയം ഷവോമി 11ടി സ്മാര്‍ട്ട്‌ഫോണില്‍ 64 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. രണ്ട് സ്മാര്‍ട്ട്ഫോണുകളും രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റും 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റുമായിരിക്കും ഇവ. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഒരേ ഡിസൈനില്‍ ആയിരിക്കും പുറത്തിറങ്ങുക എന്നും രണ്ടും സെലസ്റ്റിയല്‍ ബ്ലൂ, മെറ്റോറൈറ്റ് ഗ്രേ, മൂണ്‍ലൈറ്റ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നുമാണ് സൂചനകള്‍.
ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവ 120W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെപ്റ്റംബര്‍ 15ന് നടക്കുന്ന ലോഞ്ച് ഇവന്റിനെക്കുറിച്ച് ഷവോമി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഷവോമി 11ടി ലൈനപ്പിനൊപ്പം എംഐ പാഡ് 5 സീരീസും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. എംഐ പാഡ് 5 സീരീസ് കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രൊഡക്ട് ആഗോള വിപണികളിലേക്കും അവതരിപ്പിക്കും. വരും ദിവസങ്ങളില്‍ ഷവോമി 11ടി സീരിസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.