ഉപരോധം കടുക്കുന്നു റഷ്യന്‍ സാമ്പത്തിക
 രംഗം കടുത്ത പ്രതിസന്ധിയില്‍ 


മോസ്‌കോ : അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റഷ്യന്‍ കറന്‍സിയായ റൂബിള്‍ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി ഈ തകര്‍ച്ചയെ പ്രതിരോധിക്കാനാണ് രാജ്യത്തെ ധനകാര്യ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ശ്രമിക്കുന്നത്. റൂബിളിനെ ജനം കൈയ്യൊഴിയുന്നത് ഒഴിവാക്കാന്‍ രാജ്യത്തെ പൗരന്മാര്‍ വിദേശത്തേക്ക് പണം അയക്കരുതെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് വ്‌ലാഡിമര്‍ പുടിന്‍.

സ്വിഫ്റ്റില്‍ നിന്നും പുറന്തള്ളപ്പെട്ടതോടെ റഷ്യന്‍ റൂബിള്‍ ഒരു ഡോളറിനെതിരെ 119 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഇതോടെയാണ് 9.5 ശതമാനം ഉണ്ടായിരുന്ന പലിശ  രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് 20 ശതമാനമാക്കി ഉയര്‍ത്തിയത്. റൂബിള്‍ മൂല്യം 30 ശതമാനത്തോളം ഇടിഞ്ഞതോടെ ആണ് പ്രധാനപ്പെട്ട പലിശ നിരക്കുകള്‍ എല്ലാം ബാങ്ക് ഓഫ് റഷ്യ ഉയര്‍ത്തിയത്. ജനം പരിഭ്രാന്തരായി നെട്ടോട്ടം ഓടാന്‍ തുടങ്ങിയതോടെ ആളുകളോട് സമാധാനമായി ഇരിക്കാനാണ് ബാങ്ക് ഓഫ് റഷ്യ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ഓഫ് റഷ്യയുടെ ഈ വാക്കുകളില്‍ ജനത്തിന് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വിഫ്റ്റില്‍ നിന്ന് ബാങ്ക് ഓഫ് റഷ്യ അടക്കം പുറത്തായതോടെ ചുറ്റി പോയത് യുക്രൈന് എതിരായ യുദ്ധ നീക്കത്തെ എതിര്‍ത്ത സാധാരണക്കാരായ റഷ്യക്കാര്‍ കൂടിയാണ്.

ഈ ഘട്ടത്തിലാണ് റഷ്യക്കാര്‍ വിദേശത്തേക്ക് പണം അയക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് വിദേശത്തേക്കുള്ള പണമിടപാടിന് വിലക്കേര്‍പ്പെടുത്തിയത്. പ്രതിസന്ധി നേരിടാന്‍ റിസര്‍വിലുണ്ടായിരുന്ന ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയിരിക്കുകയാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. വെള്ളിയാഴ്ചത്തെ നിലയില്‍ നിന്നും 14 ശതമാനം കൂടി ഇടിഞ്ഞ് ഇന്ന് വൈകീട്ട് നാല് മണിക്ക് ഡോളറിനെതിരെ 94.60 എന്ന നിലയിലാണ് റൂബിളിന്റെ വ്യാപാരം. പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് മൂല്യം ഉയര്‍ന്നത്. നേരത്തെ സെന്‍ട്രല്‍ ബാങ്കിനെതിരെ വിലക്ക് വന്നപ്പോള്‍ ഡോളറിനെതിരെ 120 എന്ന നിലയിലേക്ക് റൂബിള്‍ താഴ്ന്നിരുന്നു. യൂറോയ്ക്ക് എതിരെ 106 ലാണ് റൂബിളിന്റെ ഇന്നത്തെ വ്യാപാരം. ഇന്ത്യന്‍ കറന്‍സിയായ രൂപയ്ക്ക് എതിരെ 0.72 എന്ന നിലയിലാണ് റൂബിള്‍.

സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വീണ്ടും സ്‌ഫോടനങ്ങള്‍ നടന്നു. പോരാട്ടം നിര്‍ത്തണമെന്നാണ് യുഎന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ റഷ്യയുടെയും യുക്രൈന്റെയും അംബാസഡര്‍മാര്‍ തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ നടന്നു. ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. 131 മലയാളികളെ ഇതുവരെ യുക്രൈനില്‍ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിച്ചു.യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന്‍ ആയുധം താഴെ വെക്കണമെന്നും ക്രിമിയയില്‍ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നില്‍ വ്‌ലാഡിമര്‍ പുടിന്‍ വെച്ചിരിക്കുന്ന നിബന്ധനകള്‍. യുക്രൈന്‍ - റഷ്യ അടുത്ത വട്ട ചര്‍ച്ചകള്‍ പോളണ്ട് - ബാലറൂസ് അതിര്‍ത്തിയില്‍ നടന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media