ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചുവെന്ന് കെ സി വേണുഗോപാല്‍ എംപി. അനധികൃതമായ ഇലക്ട്രല്‍ ബോണ്ടില്‍ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി മറികടക്കാനുള്ള ബിജെപി ശ്രമമാണ് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലിലൂടെ നടക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി സമാഹരിച്ചിട്ടുണ്ട്. ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ല. സാധാരണക്കാരായ പ്രവര്‍ത്തകരിലൂടെ സമാഹരിച്ച തുകയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ജനാധിപത്യപരമായ രീതിയില്‍ ഇതിനെതിരെ പോരാടും. നിയമനടപടി സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാന്‍ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരില്‍ 210 കോടി രൂപ പിഴയും ചുമത്തി. പാര്‍ട്ടി ഇന്‍കംടാക്‌സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കാന്‍ അറിയിച്ചു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല, രാജ്യത്തെ ജനാധിപത്യമാണ് ഇത്തരം നടപടികളിലൂടെ മരവിപ്പിക്കപ്പെടുന്നത്. ക്രൗണ്ട് ഫണ്ടിങിലൂടെയും മറ്റും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.