സ്വര്‍ണാഭരണങ്ങള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്ന സംവിധാനം ഒരുങ്ങുന്നു
രാജ്യത്തു പുതുതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു. കടകളില്‍ വില്‍ക്കുന്ന എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍ മാര്‍ക്കിംഗ് സംവിധാനം ഈ മാസം 16 മുതല്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കാന്‍ ഒരുങ്ങുന്നത്.
നമ്പര്‍ നല്‍കുന്നതിനായുള്ള സോഫ്റ്റ് വെയറിന്റെ ട്രെയല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കി. ഈ നമ്പര്‍ ഉപഭോക്താവിന് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്ന ആപ്പിലൂടെ പരിശോധിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ രണ്ടാം ഘട്ടത്തില്‍ ഈ ആഭരണത്തിന്റെ ഫോട്ടോയും ഇതില്‍ നിന്ന് ലഭിക്കും. പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ക്ക് മാത്രമാണ് ഈ നമ്പര്‍ ഉണ്ടാകുക.
എത്ര കാലം ഉപയോഗിച്ചാലും ഈ നമ്പര്‍ മാഞ്ഞുപോകില്ല. അതുകൊണ്ട് ഉപഭോക്താവിന് അഭരണം വില്‍ക്കേണ്ടി വന്നാല്‍ മാര്‍ക്കറ്റ് വില നേടാന്‍ സാധിക്കും. യൂണിക് നമ്പര്‍ നല്‍കുന്ന ഇത്തരം സോഫ്‌റ്റ്വെയറുകള്‍ എല്ലാ സെന്ററുകളിലും ഇപയോഗിച്ച് തുടങ്ങിയതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ പ്രസിഡന്റ് അറിയിച്ചു.