തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടര്‍ന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമര്‍ശങ്ങളിലൂടെ വ്യക്തമാകുന്നത്.
സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി വിമര്‍ശിച്ചു. കേന്ദ്രത്തില്‍ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അത്രയേറെ പ്രശ്‌നം ഉണ്ടെന്നും തുറന്ന് പറയുകയാണ് ധനമന്ത്രി.
നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന അരോപണവുമായി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. നടപ്പു വര്‍ഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണെന്നും എന്നാല്‍, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റ് ഇനത്തില്‍ 10000 കോടിയുടെ ക്കുറവ് ഉണ്ടായെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു.