സ്വീഡന്‍ മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം നേടി ജോജി
സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ (SIFF 2021) തിളങ്ങി ഫഹദ് ഫാസില്‍ നായകനായ ജോജി. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി ജോജി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണണ്. സിനിമയിലെ നായകനായ ഫഹദ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വീഡനില്‍ നിന്നുമൊരു സന്തോഷവാര്‍ത്ത എന്ന് കുറിച്ചുകൊണ്ടാണ് ഫഹദ് വിശേഷം പങ്കിട്ടിരിക്കുന്നത്.
കൊവിഡ് കാലത്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സിനിമ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. കൊവിഡ് കാലത്തെ അടയാളപ്പെടുത്തിയ സിനിമകളില്‍ മികച്ച സൃഷ്ടിയായി ന്യൂയോര്‍ക്ക് ടൈംസ് ജോജിയെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ വിദേശത്തുനിന്നുള്ള ഈ അംഗീകാരവും ജോജിക്ക് പൊന്‍തൂവലായിരിക്കുകയാണ്.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമകള്‍ക്ക് ശേഷമുള്ള ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലേക്കെത്തിയിരുന്നത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകമായ മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജി ഒരുക്കിയിരുന്നത്.
ഫഹദ് ഫാസില്‍, ബാബുരാജ്, സണ്ണി, ഉണ്ണിമായ പ്രസാദ്, സണ്ണി, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.