അങ്കമാലി: ഭൂമിക്കച്ചവടമുള്‍പ്പെടെയുള്ള ഒട്ടേറെ വിവാദങ്ങള്‍ തനിക്കുനേരെ വാളായി നില്‍ക്കുന്ന സാഹചര്യത്തില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാന്‍ അംഗീകരിച്ചു. മാര്‍പ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ എന്ന പദവിയില്‍ നിന്നും 12 വര്‍ഷത്തിന് ശേഷമാണ് പടിയിറക്കം. സെബാസ്റ്റ്യന്‍ വാണിയാപുരക്കലിന് പുതിയ ചുമതല. ആന്‍ഡ്രുസ് താഴത്തും ചുമതല ഒഴിഞ്ഞു.
കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല. ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ അപ്പോസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍.
സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയല്‍ പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരി 18ന് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായിട്ടാണ് ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്.