വിപണി നേരിയ നേട്ടത്തില്‍ തുടക്കം; കുതിക്കുമെന്നു വിദഗ്ധര്‍
മുംബൈ: ഓഹരി വിപണികളുടെ തുടക്കം നഷ്ടത്തില്‍. വിപണി സാഹചര്യങ്ങള്‍ കുതിപ്പിന് അനുകൂലമായിരുന്നിട്ടും നഷ്ടം വരിച്ചത് നിക്ഷേപകര്‍ക്കു നിരാശ ആയിട്ടുണ്ട്. പ്രീ സെക്ഷനില്‍ 20 പോയിന്റോളം മാത്രം നഷ്ടത്തിലായിരുന്ന സൂചികകള്‍ വ്യാപാരം തുടങ്ങിയതോടെ 70 പോയിന്റോളം ഇടിഞ്ഞു. എന്നാല്‍ തിരിച്ചുവരവിനുള്ള ശ്രമം വിപണികളില്‍ ശക്തമാണ്. ഒരിടവേളയ്ക്കു ശേഷം വാരാന്ത്യം 60,000ത്തിനു മുകളില്‍ വ്യാപാരം അവസാനിപ്പിച്ച സൂചികകള്‍ ഇത്തവണ താങ്ങ് നിലനിര്‍ത്തുമെന്നാണു സൂചന.
കഴിഞ്ഞ തവണ 60,000 ഭേദിച്ചെങ്കിലും സ്ഥിരത കൈവരിക്കുന്നതിന്റെ ഭാഗമായി നേട്ടം കൈവിട്ടിരുന്നു. നിലവില്‍(10.00 എ.എം.) സെന്‍സെക്സ് 201 പോയിന്റ് നേട്ടത്തില്‍ 60,260.45ലും നിഫ്റ്റി 83 പോയിന്റ് ഉയര്‍ന്ന് 17,978.25ലുമാണ്. രാജ്യാന്തര വിപണികളുടെ തിരിച്ചുവരവു സൂചികകള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം വ്യാപാരാവസാനത്തോടെ ലാഭമെടുപ്പ് കടുക്കുമെന്ന സൂചനകളാണ് വിപണികള്‍ ആദ്യം നല്‍കിയത്. ടെക് ഓഹരികളാണ് തുടക്കത്തില്‍ നഷ്ടത്തിലായത്.
ഇടതടയില്ലാതെ വിദേശനിക്ഷേപമെത്തുന്നതും നേട്ടത്തിനു കാരണമാണ്. വിപണികള്‍ക്കു ഉത്തേജനം പകരുന്നതിനായി അടിസ്ഥാന നിരക്കുകള്‍ ആര്‍.ബി.ഐ. തുടര്‍ന്നത് ബാങ്കിങ് ഓഹരികള്‍ക്കു കുതിപ്പേകുമെന്നാണു വിലയിരുത്തല്‍. ബാങ്കിങ് സ്ഥാപനങ്ങളുടെ റേറ്റിങ് രാജ്യാന്തര സ്ഥാപനമായ മൂഡീസ് നെഗറ്റീവില്‍ നിന്നു ഉയര്‍ത്തിയതും നേട്ടമാണ്. ധനനയ തീരുമാനങ്ങള്‍ വിപണികള്‍ക്ക് അനുകൂലമാണെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. 2022 സാമ്പത്തികവര്‍ഷം രാജ്യം 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന വിലയിരുത്തലും പണപ്പെരുപ്പം 5.3 ശതമാനമായിരിക്കുമെന്ന നിഗമനവും നേട്ടമാണ്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 381 പോയിന്റ് ഉയര്‍ന്ന് 60,059.06ലും നിഫ്റ്റി 104.85 പോയിന്റ് ഉയര്‍ന്ന് 17,895.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ്. കടം, ഊര്‍ജം പ്രതിസന്ധികളില്‍ ആശ്വാസം കണ്ടത് രാജ്യാന്തര വിപണികളിലും പ്രതിഫലിക്കുന്നുണ്ട്.
വെള്ളിയാഴ്ച വിപണി സമയങ്ങള്‍ക്കു ശേഷം നിക്ഷേപശ്രദ്ധ ആകര്‍ഷിച്ച ചില കമ്പനികളും ഓഹരികളുമുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ശ്രദ്ധേയമാകും. എടുത്തു പറയേണ്ടത് റിലയന്‍സ് ഓഹരികള്‍ തന്നെയാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തിനടുത്ത് നില്‍ക്കുന്ന ഓഹരികള്‍ പുതു ഉയരം കുറിക്കാനാണു സാധ്യത. സൗരോര്‍ജമേഖലയില്‍ രണ്ടു വമ്പര്‍ നിക്ഷേപങ്ങളാണ് കമ്പനി നടത്തിയത്. ഇതില്‍ 77 കോടി ഡോളറിനു രാജ്യാന്ത സ്ഥാപനമായ ആര്‍.ഇ.സിയെ സ്വന്തമാക്കിയതാണ് എടുത്തു പറയേണ്ടത്. ഇന്ന് ലിസ്റ്റിങ്ങിനൊരുങ്ങുന്ന ആദിത്യബിര്‍ള സണ്‍ലൈഫ് എ.എം.സിയും നേട്ടം കൊണ്ടുവരുമെന്നാണു വിലയിരുത്തല്‍. 2,786.26 കോടി രൂപ പ്രതീക്ഷിച്ചിറക്കിയ ഐ.പി.ഒ. 5.25 ശതമാനം അധിക സബ്സ്‌ക്രിപ്ഷന്‍ സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടെക് ഭീമാനയ ടി.സി.എസിന്റെ പാദാടിസ്ഥാനത്തിലുള്ള വരുമാനം 6.6 ശതമാനം വര്‍ധിച്ച് 9,624 കോടിയിലെത്തി. എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്കു സ്വന്തമാക്കിയ ടാറ്റ നവീകരണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത് ടി.സി.എസിനെയാണ്. ടാറ്റ ഓഹരികള്‍ ഇന്ന് മികച്ച നേട്ടം സമ്മാനിക്കാനാണു സാധ്യത. എന്നാല്‍ ടി.സി.എസ്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വാദവും ശക്തമാകുന്നുണ്ട്. ടാറ്റ മോട്ടോഴ്സ് കൈകാര്യം ചെയ്യുന്ന ജാഗ്വര്‍, ലാന്‍ഡ് റോവര്‍ ഡിവിഷന്‍ രാജ്യാന്തര ചിപ്പ് ക്ഷാമത്തെ തുടര്‍ന്നു തിരിച്ചടി നേരിടുന്നുണ്ടെങ്കിലും ബുക്കിങ്ങില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ പാദത്തില്‍ ഉല്‍പ്പാദനം 81,278 യൂണിറ്റായി കുറഞ്ഞെന്നു വ്യക്തമാക്കിയ മാരുതി ഓഹരികളില്‍ ലാഭമെടുപ്പിനു സാധ്യതയുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ബന്ധന്‍ ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ നേട്ടം കുറിച്ച പശ്ചാത്തലത്തില്‍ നേട്ടത്തിനു സാധ്യതയുണ്ട്.
സ്ഥിരത കൈവരിക്കുന്നതോടെ സൂചികകള്‍ കുതിപ്പു തുടരുമെന്ന വാദം ശക്തമാണ്. 2022 പകുതിയോടെ നിലവിലെ ഉത്തേജക പാക്കേജുകളെല്ലാം പിന്‍വലിക്കാനാകുമെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതു നിക്ഷേപകര്‍ക്കു കരുത്തുപകരുന്നുണ്ട്. ചൈനീസ് റിയല്‍ എസ്റ്റേറ്റ് വമ്പനായ എവര്‍ഗ്രാന്‍ഡെയ്ക്കു കരുത്തേകാന്‍ ചൈനീസ് സര്‍ക്കാര്‍ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ പണമിറക്കിയതും നേട്ടമാണ്. അടുത്ത വര്‍ഷം പകുതിയോടെ സെന്‍സെകസ് ഒരു ലക്ഷം പോയിന്റ് പിന്നിടുമെന്ന വിലയിരുത്തലുകള്‍ വിപണികള്‍ക്കു വളമാണ്. 60000ത്തിലേക്കുള്ള നീക്കത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 പോയിന്റ് മറികടന്നെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം ജനുവരി 21നായിരുന്നു സൂചിക 50,000 പോയിന്റ് പിന്നിട്ടത്. 60,000 എത്താന്‍ എടുത്തത് 166 ദിവസം മാത്രമാണ്.