ബംഗലുരു: കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയെന്ന് എച്ച് ഡി ദേവഗൗഡ. പിണറായി പൂര്‍ണസമ്മതം നല്‍കി,ഇക്കാരണത്താലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരുണ്ടെന്നും അതിലൊരാള്‍ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് എതിര്‍ത്ത ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകന്‍ എച്ച്.ഡി. കുമാരസ്വാമിയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത സി.എം. ഇബ്രാഹിം പാര്‍ട്ടിയില്‍ 'സമാന ചിന്താഗതി' പുലര്‍ത്തുന്നവരുടെ യോഗം വിളിക്കുകയും താന്‍ നയിക്കുന്നതാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി