മില്‍മ മലപ്പുറം ഡെയറിയുടെ ഉദ്ഘാടനവും
പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ തറക്കല്ലിടലും നിര്‍വഹിച്ചു .
മലപ്പുറം: മില്‍മയുടെ മലപ്പുറം ഡെയറിയുടെ ഉദ്ഘാടനവും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ ശിലാസ്ഥാപനം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിച്ചു. മലപ്പുറം ഡെയറിയുടെ സമര്‍പ്പണവും ക്ഷീര സദനം രണ്ടാം ഘട്ടം, ക്ഷീര സുകന്യ പദ്ധതികളുടെ പ്രഖ്യാപനവും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമായ സാഹചര്യത്തിലാണ് ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ മില്‍മയുടെ കീഴില്‍ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതെന്ന് മന്ത്രി രാജു പറഞ്ഞു. മിച്ചം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ എല്ലാ കാര്യത്തിലും മില്‍മയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലക്ക് എന്നും ഊന്നല്‍ നല്‍കിയിട്ടുള്ള മലപ്പുറം ജില്ലയില്‍ തന്നെ ക്ഷീരകര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ മില്‍മയുടെ സംരഭങ്ങള്‍ വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. നേരത്തെ ആലപ്പുഴ ജില്ലയില്‍ മില്‍മയുടെ കീഴില്‍ ഒരു പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് ഉണ്ടായിരുന്നു. പാല്‍ ഉത്പാദനം സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അത് അടച്ചുപൂട്ടേണ്ടി വന്നത്. ആ അവസ്ഥ ഇനിയുണ്ടാവരുത്. സംസ്ഥാനത്തെ പാല്‍ ഉത്പാദനം മുന്നോട്ടേക്കു തന്നെ കുതിക്കണം. അതിനായി മില്‍മയും ക്ഷീര കര്‍ഷകരും ഒത്തൊരിമിച്ച് പ്രവര്‍ത്തിക്കണം. പശുക്കളെ വളര്‍ത്താനും ക്ഷീര മേഖലയിലേക്ക് കടന്നു വരുവാനും കൂടുതല്‍ പേര്‍ താത്പര്യം കാണിക്കുന്നുണ്ട്. ഇത് നല്ല തുടക്കമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഫാക്്ടറിക്കുള്ള ജലസ്രോതസ് സമര്‍പ്പണവും അഹമ്മദ് കബീര്‍ നിര്‍വഹിച്ചു. പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് മലബാറില്‍ എന്ന വിഷയത്തെ ആസ്പദമാക്കി മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതവും മാനെജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാരന്‍ നന്ദിയും പറഞ്ഞു.
12.4 ഏക്കറില്‍ മൂര്‍ക്കനാട് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മില്‍മ ഡെയറി പ്ലാന്റിനോടു ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതന രീതിയിലുള്ള പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി വരുന്നത്. സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 15.50 കോടി രൂപ, നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ധനസഹായമായി 32.72 കോടി രൂപ. മലബാര്‍ മില്‍മയുടെ വിഹിതമായി 5.71 കോടി രൂപ എന്നിങ്ങനെയാണ് ഫാക്ടറിക്കായി വകയിരുത്തിയിട്ടുള്ളത്.