കോവിഡില്‍ നിന്ന് കരകയറി കമ്പനികള്‍
ഈ വര്‍ഷം ശമ്പളം വര്‍ധിപ്പിച്ചേക്കും
ദില്ലി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് തിരിച്ചു കയറി കമ്പനികള്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം കമ്പനികള്‍ 7.7 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്‌തേക്കും എന്ന് സൂചന. ഇത് ബ്രിക്ക് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ്. 2020 ല്‍ ശരാശരി ശമ്പള വര്‍ധന 6.1 ശതമാനം മാത്രമായിരുന്നു. രാജ്യാന്തര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ അയോണ്‍ പിഎല്‍സിയാണ് ഇത് സബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം കമ്പനികളും 2021 ല്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ആണ് സൂചന. 2020 ല്‍ 75 ശതമാനം കമ്പനികളായിരുന്നു ശമ്പള വര്‍ധനയെ അനുകൂലിച്ചിരുന്നത്.20 ലധികം വ്യവസായ മേഖലകളില്‍ നിന്നുള്ള 1,200 കമ്പനികളിലെ ഡാറ്റ വിശകലനം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പുതിയ തൊഴില്‍ കോഡ് ഈ രംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും
നിലവിലെ അനിശ്ചിതത്വത്തിന്റെയും മറ്റും സാഹചര്യത്തില്‍ കൂടുതല്‍ ശമ്പള വര്‍ധനയ്ക്കിടയില്ലെന്നാണ് സൂചന. പുതിയ ലേബര്‍ കോഡിന് കീഴിലുള്ള തൊഴില്‍ നിര്‍വചനം ഗ്രാറ്റുവിറ്റി, ലീവ് എന്‍കാഷ്‌മെന്റ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി ഉയര്‍ന്ന തുക ചെലവഴിയ്ക്കാന്‍ തൊഴില്‍ ദാതാക്കളെ നിര്‍ബന്ധിതരാക്കിയേക്കും.
പുതിയ ലേബര്‍ കോഡ് നിലവില്‍ വരുന്നതോടെ ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവനക്കാര്‍ക്ക് കൈയില്‍ കിട്ടുന്ന പണം കുറയാനും സാധ്യതയുണ്ട്. ഉയര്‍ന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതം നല്‍കാന്‍ കമ്പനികളും നിര്‍ബന്ധിതരാകുന്ന സാഹചര്യത്തിലാണിത്. സര്‍വേ പ്രകാരം, ഇ-കൊമേഴ്സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍, ഐടി-ഐടി അധിഷ്ഠിത മേഖലകള്‍, ലൈഫ് സയന്‍സസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധന പ്രതീക്ഷിക്കുന്ന മേഖലകള്‍. അതേസമയം ഹോസ്പിറ്റാലിറ്റി ,റെസ്റ്റോറന്റുകള്‍, റിയല്‍ എസ്റ്റേറ്റ് , ഇന്‍ഫ്രാസ്ട്രക്ചര്‍, എഞ്ചിനീയറിംഗ് രംഗത്തെ കമ്പനികളില്‍ കുറഞ്ഞ ശമ്പള വര്‍ദ്ധനയ്ക്കാണ് സാധ്യത. അതേസമയം ബ്രസീല്‍, റഷ്യ, ചൈന എന്നീ ബ്രിക് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലാണ് ഉയര്‍ന്ന ശമ്പള വര്‍ധന എന്നത് ശ്രദ്ധേയമാണ്