മോഫിയ പര്‍വീന്റെ ആത്മഹത്യ; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
അങ്കമാലി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.
ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.
8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും സുഹൈലിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ ആലുവ സിഐ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.
കേസില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സിഐ സുധീറിനുമെതിരെ നടപടി ആവശ്യപ്പെടുന്ന മോഫിയയുടെ ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.
മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സിഐ മോശമായി പെരുമാറിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാല്‍, സുധീറിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഉത്ര കേസിലുള്‍പ്പടെ വീഴ്ച വരുത്തിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍. പൊലീസ് സ്റ്റേഷനില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ഉണ്ടായ കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.