വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: റെക്കോര്‍ഡ് നേട്ടത്തോടെ വിപണി ഇന്ന് ക്ലോസ് ചെയ്തു. ഐടി, മെറ്റല്‍, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്.
സെന്‍സെക്സ് 593.31 പോയന്റ് (1.08%)ഉയര്‍ന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തില്‍ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായതും സൂചികകള്‍ക്ക് കരുത്തേകി. റീട്ടെയില്‍ നിക്ഷേപകര്‍ പണമൊഴുക്കല്‍ തുടര്‍ന്നു.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടിസിഎസ്, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവര്‍ഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയര്‍ന്നു. അതേസസമയം, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ കാര്യമായ നേട്ടമില്ലാതെ ഒരുദിനംകൂടി പിന്നിട്ടു.