ജോഷിമഠില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണം ആകുന്നു. രണ്ട് ഹോട്ടലുകള്‍ കൂടി ചെരിഞ്ഞു. ഹോട്ടല്‍ സ്‌നോ ക്രസ്റ്റ് ഹോട്ടല്‍ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കും. ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജിയോ ഫിസിക്കല്‍, ജിയോ ടെക്‌നിക്കല്‍ സര്‍വ്വേകള്‍ ആരംഭിച്ചു.പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം ഉത്തരാഖണ്ഡിന്റെ അയല്‍ സംസ്ഥാനങ്ങളിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഹിമാചല്‍ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തി. 32 വീടുകളിലും 3 ക്ഷേത്രങ്ങളിലുമാണ് വിള്ളല്‍ കണ്ടെത്തിയത്. സെറാജ് താഴ്വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് പ്രതിസന്ധി.അടിയന്തരനടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ജോഷിമഠിലെ ഭൗമപ്രതിഭാസത്തില്‍ സമീപ പ്രദേശങ്ങളിലുള്ള ജനജീവിതങ്ങളെ കൂടി പ്രതി സന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്ര മാണ് ഉത്തരാഖണ്ഡിലെ ഓലി. മഞ്ഞില്‍ പുതഞ്ഞ താഴ്വാരം കാണാന്‍ ആയിരക്കണക്കിന് സഞ്ചരികള്‍ എത്താറുള്ള ഓലി ഈ സീസണില്‍ ഏറെ കുറെ വിജനമാണ്. ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്.