നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി
ഇന്നലത്തെ മോശം ക്ലോസിംഗിന് ശേഷം ഇന്നും നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 280 പോയിന്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 52,290 പോയിന്റ് നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കും കൈവിട്ടു.
സെന്‍സെക്‌സില്‍ ടെക്ക് മഹീന്ദ്രയാണ് രാവിലെ മുന്നേറുന്നത്. 0.54 ശതമാനം നേട്ടം ടെക്ക് മഹീന്ദ്ര ഓഹരികളില്‍ കാണാം. ഭാരതി എയര്‍ടെല്‍ (0.22 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.15 ശതമാനം), ടൈറ്റന്‍ (0.10 ശതമാനം), ഇന്‍ഫോസിസ് (0.08 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.07 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (0.02 ശതമാനം) ഓഹരികള്‍ നേരിയ നേട്ടവുമായി പട്ടികയില്‍ ഇടംപിടിക്കുന്നു
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.95 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.94 ശതമാനം), ആക്‌സിസ് ബാങ്ക് (-0.87 ശതമാനം), ബജാജ് ഓട്ടോ (-0.87 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (-0.79 ശതമാനം), എന്‍ടിപിസി (-0.77 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.65 ശതമാനം) ഓഹരികളാണ് സെന്‍സെക്‌സില്‍ ഏറ്റവും പിന്നില്‍. ടാറ്റ മോട്ടോര്‍സില്‍ തകര്‍ച്ചയുടെ അധ്യായം തുടരുകയാണ്. 304.85 രൂപ വരെയും കമ്പനിയുടെ ഓഹരി വില രാവിലെ വീണു (0.5 ശതമാനം തകര്‍ച്ച)
കെയര്‍ റേറ്റിങ് എഎ പ്ലസായി മാറിയതിനെത്തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ രാവിലെ കാര്യമായി മുന്നേറുന്നുണ്ട്. ജെഎസ്ഡബ്ല്യു സ്റ്റീലിലും 1 ശതമാനം ഉയര്‍ച്ച കാണാം. വിപണി ദുര്‍ബലമെങ്കിലും ഭാരത് ഡയനാമിക്‌സില്‍ (388.60 രൂപ) 4 ശതമാനത്തിലേറെയാണ് നേട്ടം. വ്യോമസേനയ്ക്കായി ആകാശ് മിസൈലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഒപ്പിട്ട പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓഹരികള്‍ കുതിക്കുന്നത്.
കോള്‍ ഇന്ത്യ നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഇന്നലെ 11 റഷ്യന്‍ നിര്‍മിത ഇലക്ട്രിക് റോപ്പ് ഷവലുകള്‍ വാങ്ങുന്നതിന് കോള്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. നിഫ്റ്റി ഐടി, നിഫ്റ്റി ലോഹം എന്നിവയൊഴികെ മറ്റെല്ലാ വ്യവസായ വില സൂചികകളും നഷ്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി സ്വകാര്യ ബാങ്ക് 0.81 ശതമാനം വരെ ഇടിഞ്ഞു. 0.72 ശതമാനം ഇടര്‍ച്ച നിഫ്റ്റി ബാങ്കിലും കാണാം. നിഫ്റ്റി ഐടി 0.24 ശതമാനവും നിഫ്റ്റി ലോഹം 0.03 ശതമാനവും നേട്ടത്തിലാണ് വെള്ളിയാഴ്ച്ച വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്.