തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് തുടങ്ങും. കോളജുകള്‍ ഈ മാസം 7ന് തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസയം, ഞായറാഴ്ച ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ലയെ മാത്രം ഉള്‍പ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കി.
തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇക്കുറിയും വീടുകളില്‍ മാത്രമേ ഉണ്ടാകൂ. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീടുകളില്‍ മാത്രമായി ചുരുക്കിയത്. ആറ്റുകാല്‍ പൊങ്കാല വഴിയരികില്‍ വേണ്ടെന്നും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
അതേസമയം 2022 ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നത്. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഉത്സവ മേഖലയായിട്ടുള്ളഎല്ലാ വാര്‍ഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ല്‍ ലളിതമായാണ് പൊങ്കാല ചടങ്ങുകള്‍ നടത്തിയത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി ശിശുപാലന്‍ നായര്‍ കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.