നേപ്പാള്‍ സ്വദേശി ദോര്‍ ബഹാദുര്‍ (17) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു. 73.43 സെന്റി മീറ്റര്‍ (2 അടി 4.9 ഇഞ്ച്) ആണ് ഉയരം. ഈ വര്‍ഷം മാര്‍ച്ച് 23ന് ആണ് ദോറിന്റെ ഉയരം ഗിന്നസ് റെക്കോര്‍ഡ്‌സ് അധികൃതര്‍ അളന്നത്. മേയില്‍ നേപ്പാളിന്റെ തലസ്ഥനമായ കാഠ്മണ്ഡുവില്‍ നടന്ന ചടങ്ങില്‍ നേപ്പാള്‍ ടൂറിസം ബോര്‍ഡ് സിഇഓ ധനഞ്ജയ് റെഗ്മി ദോര്‍ ബഹാദുറിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.
കാഠ്മണ്ഡുവില്‍നിന്ന് 123 കിലോമീറ്റര്‍ ദൂരെയുള്ള സിന്ധുലി ജില്ലയില്‍ 2004 നവംബര്‍ 14ന് ആണ് ദോറിന്റെ ജനനം. ജനന സമയത്ത് ദോറിന് കുഴപ്പമൊന്നും ഇല്ലായിരുന്നെന്നും എന്നാല്‍ ഏഴു വയസ്സിനുശേഷം വളര്‍ച്ച ഉണ്ടായില്ലെന്നും എന്താണു കാരണമെന്നു തങ്ങള്‍ക്ക് അറിയില്ലെന്നും ദോറിന്റെ സഹോദരന്‍ നാറാ ബഹാദുര്‍ പറഞ്ഞു. സഹോദരനു ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിലുള്ള സന്തോഷവും നാറാ പങ്കുവച്ചു. കര്‍ഷകരായ മാതാപിതാക്കളുടെ
ഇളയമകനാണ് ദോര്‍. വില്ലേജ് സ്‌കൂളിലാണ് ഇപ്പോള്‍ പഠിക്കുന്നത്.
നേപ്പാള്‍ സ്വദേശി ഖഗേന്ദ്ര ഥാപ്പ മഗറിന്റെ പേരിലായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡ്. 65.58 സെന്റി മീറ്റര്‍ മാത്രം ഉയരമുണ്ടായിരുന്നു ഖഗേന്ദ്രയ്ക്ക് 18 വയസ്സു പിന്നിട്ടതോടെ ലോകത്തിലെ ഏറ്റവും ചെറിയ പുരുഷന്‍ എന്ന റെക്കോര്‍ഡ് ലഭിച്ചു. എന്നാല്‍ 2020ല്‍ 27 വയസ്സുള്ളപ്പോള്‍ ഇയാള്‍ മരണപ്പെട്ടു. നിലവില്‍ കൊളബിയക്കാരനായ എഡ്വേര്‍ഡ് ഹെര്‍ണാണ്ടസ് (37) ആണ് ലോകത്തിലെ ഏറ്റവും ചെറിയ പുരുഷന്‍. 2 അടി 4.39 ഇഞ്ച് (72.10 സെന്റിമീറ്റര്‍) ആണ് ഇയാളുടെ ഉയരം....