ബിഎസ്ബിഡി; എസ്ബിഐ ചെക്ക്ബുക്ക് ചാര്‍ജുകള്‍ കൂടി,പണം പിന്‍വലിക്കലിനും അധിക തുക
എസ്ബിഐ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളുടെ പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍, ചെക്ക് ബുക്ക് ചാര്‍ജുകള്‍ എന്നിവ പുതുക്കി. 2021 ജൂലൈ 1 മുതല്‍ പുതിയ സേവന നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആണ് ഇത് ബാധകമാകുക. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് ട്രാന്‍സ്ഫറുകള്‍ക്കും മറ്റ് ഇടപാടുകള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകും.
കെവൈസി രേഖകളുള്ള ആര്‍ക്കും എസ്ബിഐ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. ഇത്തരം അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല. ഈ അക്കൗണ്ടില്‍ നിലനിര്‍ത്താനാകുന്ന പരമാവധി തുകക്കും പരിധിയില്ല. ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു എടിഎം കാര്‍ഡും ലഭ്യമാണ്.
ആദ്യ നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം നടത്തുന്ന ഇടാടുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ബാധകമാകും. എസ്ബിഐ, എസ്ബിഐ ഇതര എടിഎമ്മുകളില്‍ പണം പിന്‍വലിക്കാനാകും, ആദ്യത്തെ നാല് പിന്‍വലിക്കലുകള്‍ക്ക് ചാര്‍ജ് ഇല്ല. പിന്നീടുള്ള പണം പിന്‍വലിക്കലിന് 15 രൂപയും ജിഎസ്ടിയും ഈടാക്കും. ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ സാമ്പത്തിക വര്‍ഷവും എസ്ബിഐയില്‍ നിന്ന് 10 സൗജന്യ ചെക്ക് ലീഫ് ലഭിക്കും.
അതിനുശേഷം, ഒരു പത്ത് ലീഫ് ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യുന്നതിന് 40 രൂപയും ജിഎസ്ടിയും നല്‍കണം. 25 ലീഫ് ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും നല്‍കണം. 10 ലീഫ്, 5 ലീഫ് ചെക്ക് ചെക്ക് ബുക്കുകള്‍ക്ക് 50 രൂപയും ജിഎസ്ടിയും ഈടാക്കും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ചെക്ക് ബുക്കുകളടെ സേവന നിരക്ക് ഒഴിവാക്കിയിട്ടുണ്ട്.
ഒറ്റയ്‌ക്കോ ജോയിന്റ് ആയോ ഒക്കെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാം. അതേസമയം മറ്റ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ബേസിക് സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ആകില്ല. അപേക്ഷകന് മറ്റ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍, അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ ഇത് ക്ലോസ് ചെയ്തിരിക്കണം ഒരു മാസം നാല് പണം ഇടപാടുകള്‍ സൗജന്യമായിരിക്കും.