സോളര്‍ മേഖലയില്‍ പുതു അദ്ധ്യായം തുറന്ന് അംബാനി;
റിലയന്‍സ് ചുമലിലേറി ആര്‍ഇസി. ഇന്ത്യയിലേക്ക്
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുപ്പുകള്‍ തുടരുന്നു. ഇത്തവണ ചൈന നാഷണല്‍ ബ്ലൂസ്റ്റാറില്‍നിന്ന് ആര്‍.ഇ.സി. സോളാര്‍ ഹോള്‍ഡിങ്സിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 77 കോടി ഡോളറിന്റെയാണ് ഇടപാട്. 2035 ഓടെ കാര്‍ബണ്‍ മുക്ത കമ്പനിയായി മാറുകയെന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഏറ്റെടുപ്പ്. നൊര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആര്‍.ഇ.സി. ലോകത്തെ തന്നെ പ്രമുഖ സോളാര്‍ ഉല്‍പ്പന്ന നിര്‍മാതാക്കളാണ്. 1996ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇതോടകം നാലു കോടി സോളാര്‍ പാനലുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ 11 ഗിഗാവാട്ട് വൈദ്യതിയും നിര്‍മിച്ചു. കമ്പനിയുടെ ഏറ്റെടുപ്പ് റിലയന്‍സിന് വന്‍ നേട്ടമാകുമെന്നാണു വിലയിരുത്തല്‍.
കുറഞ്ഞ ചെലവില്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം വിപണിയില്‍ മേല്‍കൈ നേടാനും ഏറ്റെടുപ്പു സഹായിക്കും. നോര്‍വേയാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും സിംഗപ്പൂര്‍ ആസ്ഥാനത്തുനിന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ- പസഫിക് മേഖലകളിലും കമ്പനിക്കു ഹബുകളുണ്ട്. റിലയന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡാകും ഇനി ആര്‍.ഇ.സിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. ക്ലീന്‍ എനര്‍ജിക്കായി മൂന്നു വര്‍ഷത്തിനുള്ളില്‍ 1,010 കോടി ഡോളര്‍ ചെലവഴിക്കുമെന്നു റിലയന്‍സ് ജൂണില്‍ വ്യക്തമാക്കിയിരുന്നു. റിലയന്‍സ് 2030 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് (ജി.ഡബ്ല്യു) സൗരോര്‍ജ്ജ ശേഷി നിര്‍മ്മിക്കാനാണു ലക്ഷ്യമിടുന്നത്. ഈ ദശകത്തിന്റെ അവസാനത്തോടെ 450 ജിഗാവാട്ട് സ്ഥാപിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ അഞ്ചിലൊന്ന് വരുമിത്.
സോളാര്‍ സെല്ലുകള്‍, മൊഡ്യൂളുകള്‍, ഊര്‍ജ സംഭരണ ബാറ്ററികള്‍, ഇന്ധന സെല്ലുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ സെല്ലുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന നാല് വമ്പന്‍ ഫാക്ടറികളും റിലയന്‍സ് ലക്ഷ്യമിടുന്നുണ്ട്. 'ഞങ്ങളുടെ അടുത്തകാലത്തെ മറ്റ് നിക്ഷേപങ്ങള്‍ക്കൊപ്പം, ആഗോളതലത്തില്‍ സംയോജിത ഫോട്ടോവോള്‍ട്ടായിക് ഗിഗ ഫാക്ടറി സ്ഥാപിക്കാനും ഇന്ത്യയെ ഏറ്റവും കുറഞ്ഞ ചെലവിലും ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പാനലുകളുടെ നിര്‍മ്മാണ കേന്ദ്രമാക്കാനും റിലയന്‍സ് ഇപ്പോള്‍ തയ്യാറാണ്.' അംബാനി പറഞ്ഞു. ഓഗസ്റ്റില്‍ ഗൂഗിളിനൊപ്പം യു.എസ്. ഊര്‍ജ സംഭരണ കമ്പനിയായ ആംബ്രിയില്‍ റിലയന്‍സ് നിക്ഷേപം നടത്തിയിരുന്നു. ഏകദേശം അഞ്ചു കോടി ഡോളറായിരുന്നു അന്നു നിക്ഷേപിച്ചത്. ആഗോളതലത്തില്‍, റോയല്‍ ഡച്ച് ഷെല്‍ പി.എല്‍.സി, ബി.പി. പി.എല്‍.സി. തുടങ്ങിയ എണ്ണ വമ്പന്‍മാരും നിക്ഷേപകരുടെയും കാലാവസ്ഥാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നു 2050 ഓടെ കാര്‍ബണ്‍ രഹിത സ്ഥാപനമാകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഡേറ്റ ഗവേഷണ സ്ഥാപനമായ ഐ.എച്ച്.എസ്. മാര്‍ക്കിറ്റിന്റെ അഭിപ്രായത്തില്‍, ലോകമെമ്പാടുമുള്ള സോളാര്‍ കമ്പനികള്‍ ഈ വര്‍ഷം അഞ്ച് വര്‍ഷത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയ്ക്കായി സജ്ജരാണ്. ഇന്ത്യയിലെയും വിദേശ വിപണികളിലെയും ഉപഭോക്താക്കള്‍ക്ക് വിശ്വസനീയവും താങ്ങാനാവുന്നതുമായ വൈദ്യുതി ലഭ്യമാക്കുന്നതിന് ആഗോള കമ്പനികളുമായി നിക്ഷേപം നടത്താനും സഹകരിക്കാനും തന്റെ സ്ഥാപനം തുടര്‍ന്നും ശ്രമിക്കുമെന്ന് അംബാനി പറഞ്ഞു. റിലയന്‍സ് തങ്ങളുടെ പി.വി. പാനല്‍ നിര്‍മ്മാണത്തിന് ആര്‍.ഇ.സിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നു വ്യക്തമാക്കി കഴിഞ്ഞു. പ്രരംഭ വാര്‍ഷിക ശേഷി നാല് ജിഗാവാട്ടാണെങ്കിലും ഇത് 10 ജിഗാ വാട്ടായി ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റെടുപ്പുകള്‍ കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിക്കാന്‍ വഴിവയ്ക്കും. നിലവില്‍ റിലയന്‍സ് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്. ദീപാവലിയോടെ ഗൂഗിളുമായി സഹകരിച്ചു നിര്‍മിക്കുന്ന വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ റിലയന്‍സ് വിപണിയിലെത്തിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഓഹരികളെ ഉത്തേജിപ്പിക്കുമെന്നാണു വിലയിരുത്തല്‍. നാളെ വിപണികള്‍ ഉണരുമ്പോള്‍ റിലയന്‍സ് പുതു ഉയരം താണ്ടുമെന്നാണു നിഗമനം. നിലവില്‍ കമ്പനി ഓഹരികള്‍ക്ക് 2,669.20 രൂപയാണ്.