ദില്ലി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ല. സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് വിധി പറഞ്ഞു. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനോട് വിയോജിച്ചു.
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നല്‍കാനാവില്ല. സ്വവര്‍ഗവിവാഹങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്ന വിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശം ഉറപ്പാക്കുന്നു. ഇതിന് നിയമസാധുത നല്‍കാനാവില്ല. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കാനാവില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.