നെടുമുടി വേണുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ശാന്തികവാടത്തില്‍
തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കുണ്ടമന്‍കടവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലര്‍ച്ചെ ഒന്നരയോടെ മോഹന്‍ലാലും എത്തിയിരുന്നു.
ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. 1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാല്‍ എന്ന നെടുമുടി വേണുവിന്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനാണ്.
നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജില്‍ പഠിക്കുന്ന കാലത്ത് സംവിധായകന്‍ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയില്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ നിര്‍ണായകമായി മാറി. കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ച വേ?ണു?ഗോപാല്‍ പിന്നീട് നാടകരംഗത്ത് സജീവമായി. ഇക്കാലയളവിലാണ് വേണു?ഗോപാല്‍ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് അദ്ദേഹം മാറുന്നത്. നാടകത്തില്‍ സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്.
എണ്‍പതുകളില്‍ സംവിധായകരായ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവര്‍ത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടന്‍ എന്ന നിലയില്‍ തന്റെ ഇടം രേഖപ്പെടുത്തി. സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയില്‍ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.