ദില്ലി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ ആദായനികുതിയില്‍ വമ്പന്‍ ആശ്വാസ പ്രഖ്യാപനങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച്, ആദായ നികുതിയടക്കേണ്ട പരിധി ഉയര്‍ത്തി.12 ലക്ഷം വരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് ഇനി ആദായ നികുതിയില്ല. ഇതോടെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാര്‍ ആദായനികുതി പരിധിക്ക് പുറത്താകും.
മധ്യവര്‍ഗ കേന്ദ്രീകൃതമായ പരിഷ്‌ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവര്‍ക്ക് ഇനി എണ്‍പതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും.
പുതിയ പരിഷ്‌കാരത്തിലൂടെ മധ്യവര്‍ഗത്തിന്റെ കൈയിലേക്ക് കൂടുതല്‍ പണം എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മധ്യവര്‍ഗത്തിന്റെ കൈയിലേക്ക് കൂടുതല്‍ പണം എത്തുന്നതോടെ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പണം ഇറങ്ങുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മധ്യവര്‍ഗ്ഗം തിങ്ങിപ്പാര്‍ക്കുന്ന ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നില്‍ കണ്ടാണ് ഈ പ്രഖ്യാപനം എന്ന് വിലയിരുത്തുന്നവരുണ്ട്.
ഇതോടൊപ്പം നവീകരിച്ച ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശയ്ക്കുള്ള നികുതിയിളവിന്റെ പരിധി അന്‍പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കി. വാടകയ്ക്കുള്ള നികുതി ഇളവ് 2.40 ലക്ഷം രൂപ 6 ലക്ഷം രൂപയായി ഉയര്‍ത്തി. നാഷണല്‍ സേവിംഗ്സ് സ്‌കീമില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് നികുതി ഒഴിവാക്കി. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.