എന്‍എം വിജയന്റെ മരണം: ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
 



കല്‍പ്പറ്റ: എന്‍ എം വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.  കെഎല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.

വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയന്‍ വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയന്‍ പറയുന്നത്.  ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത്  അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എം എല്‍ എ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു.

ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എന്‍ എം വിജയന്‍ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടിരുന്നു. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. ആത്മഹത്യാപ്രേരണ കൂടി ഉള്‍പ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷന്‍ കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ ആണ് എല്‍ഡിഎഫ് തീരുമാനം. വരുംദിവസങ്ങളിലും ബത്തേരിയില്‍ ഉള്‍പ്പെടെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media