ഇന്ത്യയിലെ കൊവിഡ് വകഭേദത്തിനെതിരെ സുരക്ഷയ്ക്ക് രണ്ട് ഡോസ് വാക്‌സിന്‍ വേണം; പുതിയ പഠനം


ലണ്ടന്‍: ഇന്ത്യയില്‍ പടരുന്ന കൊവിഡ് 19 ബി.1.617.2 വകഭേദത്തിനെതിരെ രോഗപ്രതിരോധശേഷി ലഭിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ വേണമെന്ന് യുകെ സര്‍ക്കാര്‍. യുകെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വിഭാഗവും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടുമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. പുതിയ വകഭേദത്തിനെതിരെ ശക്തമായ സുരക്ഷ ലഭിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്നും ഒരു ഡോസ് വാക്‌സിന്‍ കൊണ്ട് സുരക്ഷിതരായെന്ന് കരുതാന്‍ കഴിയില്ലെന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ പുതിയ കൊവിഡ് 19 വകഭേദം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് യുകെ സര്‍ക്കാരിന്റെ പുതിയ മുന്നറിയിപ്പ്. രാജ്യത്ത് നിലവില്‍ മൂന്ന് ശതമാനം ആളുകള്‍ക്ക് മാത്രമാണ് രണ്ട് ഡോസ് കൊവിഡ് 19 വാക്ലിന്‍ ലഭിച്ചിട്ടുള്ളത്. 4.3 കോടി ആളുകള്‍ക്ക് രാജ്യത്ത് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു. 15.1 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് കടുത്ത ഓക്‌സിജന്‍, ഐസിയു കിടക്ക ക്ഷാമത്തിന് ഇടയാക്കിയ കൊവിഡ് 19 രണ്ടാം തരംഗത്തിനിടയിലും രാജ്യത്ത് വാക്‌സിനേഷന്‍ മന്ദഗതിയിലാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍.

ഇന്ത്യയില്‍ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്‌സിനും യുകെ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഇതിനോടകം വന്‍തോതില്‍ വിതരണം ചെയ്യുന്ന ഫൈസര്‍ വാക്‌സിനും സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഈ വാക്‌സിന്‍ യുകെയിലും വാക്‌സിനേഷന് ഉപയോഗിക്കുന്നുണ്ട്. ഈ രണ്ട് വാക്‌സിനുകളും സ്വീകരിച്ചവരില്‍ ഇന്ത്യയില്‍ പ്രചരിക്കുന്ന ബി.1.617.2 വകഭേദം ബാധിക്കുന്നത് എങ്ങനെയെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പരിശോധിച്ചത്.-

ഈ ഡോസുകള്‍ രണ്ട് ഡോസ് വീതം സ്വീകരിച്ചവരില്‍ ബി.1.617.2 വകഭേദത്തിനെതിരെ 81 ശതമാനം ഫലപ്രാപ്തിയും ബി.1.1.7 വകഭേദത്തിനെതിരെ 87 ശതമാനം ഫലപ്രാപ്തിയുമുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഒരു ഡോസ് മാത്രം വാക്‌സിന്‍ സ്വീകരിച്ചവരില്‍ യഥാക്രമം 33 ശതമാനവം 51 ശതമാനവും മാത്രമാണ് ഫലപ്രാപ്തിയുള്ളതെന്നും പഠനത്തില്‍ വ്യക്തമായി. ഒറ്റ ഡോസ് വാക്‌സിനേഷനു ശേഷം യുകെയില്‍ നിലവില്‍ പ്രചരിക്കുന്ന വൈറസ് വകഭേദത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വകഭേദം ബാധിച്ചാല്‍ 33 ശതമാനം കുറവ് സുരക്ഷ മാത്രമാണ് ലഭിക്കുകയെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു

രാജ്യത്തെ പുതിയ വൈറസ് വകഭേദങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി സംബന്ധിച്ച് യുകെ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനു പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ആദ്യഡോസ് സ്വീകരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കു ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന്റെ 90 ശതമാനവും കൊവിഷീല്‍ഡ് ആണ്. ഇതിനോടകം ഇന്ത്യന്‍ വകഭേദത്തെ വിവിധ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട വകഭേദമായി വിലയിരുത്തിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media