ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 56 പുതിയ എയര്‍ബസുകള്‍ വാങ്ങാനാണ് അനുമതി എന്നും ഏകദേശം 21,000 കോടിയോളം രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
പുതിയ വിമാനങ്ങള്‍ക്കായി എയര്‍ബസ് ഡിഫന്‍സ്, സ്പേസ് ഓഫ് സ്പെയിന്‍ എന്നിവയുമായാണ് കരാറിലേര്‍പ്പെടുകയെന്നും 60 വര്‍ഷത്തോളം പഴക്കമുള്ള വിമാനങ്ങള്‍ക്ക് പകരമായാണ് ഇവയെത്തുകയെന്നും ഇവയില്‍ പകുതിയില്‍ അധികവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്റോസ് വിമാനങ്ങള്‍ക്കു പകരമാണ് പുതിയ എയര്‍ബസ് യാത്രാവിമാനങ്ങള്‍ വാങ്ങുന്നത്. 56 സി-295എംഡബ്ല്യു യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പെയിസുമായുള്ള കരാറിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 21,000 കോടിയോളം രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.
പുതുതായി വാങ്ങുന്ന 56 വിമാനങ്ങളില്‍ 16 എണ്ണം കരാറില്‍ ഒപ്പിട്ട് 48 മാസത്തിനുള്ളില്‍ സ്പെയിനില്‍ നിന്ന് ലഭിക്കും. പത്തു വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങള്‍ ഇന്ത്യയില്‍ ടാറ്റാ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാനുമാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ ഭാഗമാകുന്ന 56 സി-295എംഡബ്ല്യു വിമാനങ്ങളിലും ആധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ ഒരുക്കും.
കേന്ദ്രത്തിന്റെ ആത്മനിര്‍ഭര്‍ പ്രചാരണത്തിന് പുതിയ പദ്ധതി പ്രചോദനമാകുമെന്നും, സാങ്കേതികവിദ്യ തീവ്രവും ഉയര്‍ന്ന മത്സരമുള്ളതുമായ വ്യോമയാന വ്യവസായത്തിലേക്ക് ഇന്ത്യയിലെ സ്വകാര്യമേഖലയ്ക്ക് ഒരു അതുല്യ അവസരം ആയിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് മുതല്‍10 ടണ്‍ വരെ ഭാരവാഹക ശേഷിയുള്ളതാണ് C-295MW എയര്‍ബസുകള്‍. സൈന്യത്തിന്റെ പെട്ടെന്നുള്ള നീക്കത്തിനും സൈനികരുടെയും ചരക്കുകളുടെയും പാരാ ഡ്രോപ്പിംഗിനുമായി അത്യാധുനിക സാങ്കേതികവിദ്യകളും ഈ വിമാനങ്ങളില്‍ ഉണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ആവ്റോസ് വിമാനങ്ങളെ 1960 കളുടെ തുടക്കത്തിലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നത്.