സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കല്‍; വ്യാഴാഴ്ച യോഗം ചേരും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗം വ്യാഴാഴ്ച ചേരും. മന്ത്രിമാരായ വി ശിവൻകുട്ടി, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. രണ്ട് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാന സിലബസിലുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ കേരളത്തിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ള സ്കൂളുകൾക്കും ബാധകമായ രീതിയിലുള്ള പൊതുമാർഗ രേഖയായിരിക്കും തയാറാക്കുക. ഒക്ടോബർ 15നകം പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് ഇരു വകുപ്പുകളുടേയും ലക്ഷ്യം.
ഓരോ സ്കൂളുകളിലെയും കുട്ടികളുടെ എണ്ണം പരിഗണിച്ചായിരിക്കും ഒരു സമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിർദേശം സർക്കാർ നൽകുക. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ സംസ്ഥാനത്തുള്ളതിനാൽ ഇവിടങ്ങളിൽ നാലിലൊന്ന് കുട്ടികൾ ഹാജരാകണമെന്ന് നിബന്ധന വെച്ചാൽപോലും കൂടുതൽ കുട്ടികൾ ഒരേസമയം വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഉൾപ്പെടെ പരിഗണിച്ചായിരിക്കും മാർഗരേഖ തയാറാക്കുക.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികളെയാണ് നവംബർ ഒന്നിന് ആദ്യഘട്ടത്തിൽ സ്കൂളുകളിൽ എത്തിക്കുക. ഉയർന്ന ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 50 ശതമാനംവരെ ഹാജരാകാൻ സൗകര്യമൊരുക്കുമെങ്കിൽ പ്രൈമറിതലത്തിൽ ഇത് കുറക്കും.