കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം, കുഞ്ഞിനെ കൈമാറി
തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാര്‍ത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കൈമാറി. കുട്ടിയെ വിട്ടുനല്‍കാന്‍ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ എയ്ഡന്‍ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കുട്ടിയെ ഹാജരാക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റേതുമാണെന്നുമുള്ള ഡിഎന്‍എ ഫലം വന്നതാണ് കേസില്‍ നിര്‍ണ്ണായകമായത്.
അനുപമയുടെ കുഞ്ഞിനെ ദത്തുകൊടുത്തതില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ കണ്ടെത്തല്‍. കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തുന്നത്. ദത്ത് നല്‍കുന്നത് ഓഗസ്റ്റ് 7 നും. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദര്‍ശനത്തിന്റെ വിവരങ്ങളടങ്ങിയ രജിസറ്റര്‍ ഓഫീസില്‍ നിന്നും ചുരണ്ടിമാറ്റി. ദത്ത് കൊടുത്തതിന്റെ നാലാംനാള്‍ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്‌ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയില്‍ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാന്‍ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയില്‍ ദത്ത് സ്ഥിരപ്പെടുത്താന്‍ സമിതി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്‌ള്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിംഗ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പൊലീസിനെ അറിയിക്കാനോ സിഡബ്‌ള്യുസി തയ്യാറായില്ല. ഏപ്രില്‍ 19 ന് പൊലീസില്‍ പരാതി നല്‍കിയിട്ടും ദത്ത് കൊടുക്കുന്നത് വരെ കാര്യമായ അന്വേഷണം നടത്തിയില്ല. അനുപമ കുഞ്ഞിനെ തേടുന്നത് അറിഞ്ഞിട്ടും ദത്ത് നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കൃത്യമായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നാണ് സൂചന.