ആലത്തൂരില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി സൂര്യയെ കണ്ടെത്തി
പാലക്കാട്: പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയെ പൊലീസ് അന്വേഷണ സംഘം കണ്ടെത്തിയത്. ആലത്തൂരിലെത്തിച്ച പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും.
പുതിയങ്കം സ്വദേശി രാധാകൃഷ്ണന്റെയും, സുനിതയുടേയും മകള്‍ സൂര്യ കൃഷ്ണയെ ആഗസ്റ്റ് 30 മുതലാണ് കാണാതായത്. പുസ്തകം വാങ്ങാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയതായിരുന്നു സൂര്യ. എന്നാല്‍ തിരികെയെത്തിയില്ല. ഇതോടെ വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്.
മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. ഇത് അന്വേഷണത്തെ കൂടുതല്‍ കുഴപ്പിച്ചു. ഗോവ, തമിഴ്‌നാട് മുംബൈ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.ഗോവയില്‍ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാല്‍ അവിടം കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഒടുവില്‍ മുംബൈയില്‍ നിന്നും കുട്ടിയെ കണ്ടെത്തി.