കൊവിഡ് കേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കാം; അഞ്ച് ജില്ലകളില്‍ ശക്തമായ നിയന്ത്രണം വന്നേക്കും
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ അയവ് നല്‍കിയതോടെ കേരളത്തിലെ പ്രതിദിന കൊവിഡ്-19 കേസുകള്‍ വരും ദിവസങ്ങളില്‍ ഉയരുമെന്ന് വിദഗ്ധര്‍. ഇളവുകള്‍ നിലവില്‍ വന്നതോടെ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. കടകളിലും പൊതുസ്ഥലങ്ങളിലും തിരക്ക് ഉയര്‍ന്ന തോതിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്ന സൂചന വിദഗ്ധര്‍ നല്‍കുന്നത്.
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് സംസ്ഥാനത്ത് ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. ശനിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ ടിപിആര്‍ 17.73 ആയിരുന്നു. 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 66 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 19,494 ആയി.
മറ്റ് സംസ്ഥാനങ്ങളില്‍ ദിനം പ്രതിയുള്ള കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോതിലാണുള്ളത്. ടിപിആര്‍ ഉയര്‍ന്ന തോതിലുള്ളപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസമുണ്ടാക്കുന്നത്. ഓണം പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ തിരിച്ചടിയാകുമോ എന്ന് സെപ്റ്റംബര്‍ ആദ്യത്തോടെ മാത്രമാകും അറിയാന്‍ കഴിയുക
ഓണം കഴിഞ്ഞതോടെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ നാല്‍പ്പതിനായിരം കടക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഓണം പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഓണത്തിന് മുന്‍പ് തന്നെ കേസുകളില്‍ വര്‍ധന ആരംഭിച്ചു. ഇതോടെ സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രതിദിനം കൊവിഡ് കേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കും. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് ഈ സാഹചര്യത്തില്‍ ആവശ്യം. നിലവില്‍ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ മാത്രമാണ് നടത്തുന്നത്. ഇതു വീണ്ടും രണ്ട് ലക്ഷത്തോളമായി ഉയര്‍ത്താനും സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം നിര്‍ണായകമാണ്. കൂടുതല്‍ ഇളവുകള്‍ നല്‍കാതെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. കൊവിഡ് തീവ്രവ്യാപനമുള്ള ജില്ലകളായ മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്നാണ് സൂചന.
കൊവിഡ് കേസുകള്‍ അതിവേഗം ഉയരുന്ന മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ആശുപത്രികള്‍ നിറയുന്ന സാഹചര്യമുണ്ട്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007 കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. മലപ്പുറത്തെ സര്‍ക്കാര്‍ ആശുപത്രിക്കളില്‍ ആറ് വെവിലേറ്ററുകളും രണ്ട് ഐസിയുകളും ഒഴിവുണ്ട്. കോഴിക്കോട് ജില്ലയില്‍ 96 വെന്റിലേറ്ററില്‍ 21 എണ്ണം ഒഴിവുണ്ട്. ആകെ 982 വെന്റിലേറ്റില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 294 ഒഴിവുണ്ട്. കോഴിക്കോട് 127 ഐസിയുകളില്‍ 32 മാത്രം ബാക്കിയുണ്ട്. മൊത്തം 1425ല്‍ ഇനി 326 ഐസിയുകളാണ് ബാക്കിയുള്ളത്. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും അറുപത് ശതമാനത്തിലധികം കിടക്കകളില്‍ രോഗികളുണ്ട്.