ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേസില്‍ നിന്ന് വിടുതല്‍ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹര്‍ജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ, കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും.
ജഡ്ജി എച്ച് എ മോഹന്‍ ബിനീഷിനെ കേസില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ഇതാണ്.
യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് നാല്‍പ്പത് ലക്ഷത്തോളം രൂപ നല്‍കി, മുഹമ്മദ് അനൂപ് വലിയ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല, ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റ് രണ്ട് പേര്‍ക്കുമൊപ്പം പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്, റോയല്‍സ്യൂട്ട് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ബിനീഷ് മുഹമ്മദ് അനൂപിനൊപ്പം കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് കണ്ടതായി മറ്റൊരു സാക്ഷിയും മൊഴി നല്‍കി,മുഹമ്മദ് അനൂപിനൊപ്പം ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ച ബിനീഷിന് അയാളുടെ ബിസിനസ്സിനെക്കുറിച്ചും ദുശ്ശീലങ്ങളെക്കുറിച്ചും അറിവുണ്ടാകാതിരിക്കാന്‍ വഴിയില്ല,അതിനാല്‍ എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് ബിനീഷ് ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നല്‍കിയതെന്നും, ലഹരി ഇടപാടിനായിത്തന്നെയാണ് പണം നല്‍കിയതെന്നും സ്വാഭാവികമായും കോടതി സംശയിക്കുന്നു, അതല്ലെങ്കില്‍ കൊടുത്ത പണത്തിന് എന്തെങ്കിലും രേഖയുണ്ടായേനെ, ആദായനികുതി വകുപ്പിന് റിട്ടേണ്‍ നല്‍കിയതില്‍ ഈ തുക കാണിച്ചിട്ടില്ലെന്നത് ബിനീഷിന്റെ നിരപരാധിത്വം തെളിയിക്കുന്നതല്ല, ലഹരിയിടപാടില്‍ മുഹമ്മദ് അനൂപിനൊപ്പം ബിനീഷിന് എന്താണ് പങ്ക് എന്നതില്‍ കോടതിക്ക് പ്രഥമദൃഷ്ട്യാ തന്നെ സംശയങ്ങളുണ്ട,് ലഹരിക്കടത്തില്‍ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ല, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ നാലാം വകുപ്പ് അനുസരിച്ച് ബിനീഷ് നല്‍കിയ മൊഴികള്‍ പ്രകാരം തന്നെ കേസ് നിലനില്‍ക്കും, മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ബിനീഷ് നല്‍കിയ ഹര്‍ജി തള്ളുന്നുവെന്ന് കോടതി വ്യക്തമാക്കി.