വിപണി ഇന്ന് നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 56,000 ന് മുകളിൽ
മുംബൈ: ഓഹരി സൂചികകൾ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 16,650 കടന്നു. സെൻസെക്സ് 56,000 മുകളിലെത്തി. 233 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ വ്യാപാര ദിനത്തിലുണ്ടായ സമ്മർദത്തിനൊടുവിൽ അവസാനമണിക്കൂറിലെ കുതിപ്പിന്റെ തുടർച്ചയാണ് ഈനേട്ടം. സാങ്കേതിക തകരാറിനെതുടർന്ന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിൽ മൂന്നുശതമാനം കുതിപ്പുണ്ടായി.
അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.