വയനാട് ദുരന്തം:  മരണം 300 കടന്നു,206 പേരെ ഇനിയും കണ്ടെത്താനായില്ല
 


കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും അഞ്ച്  ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. 

ഓരോ മലയാളിയുടെയും ഹൃദയം തകര്‍ത്ത മുണ്ടക്കൈ ദുരന്തത്തില്‍ നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. കരസേന തീര്‍ത്ത ബെയ്ലി പാലം സജ്ജമായതോടെ ഇന്ന് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നില്‍ വീട്ടില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയര്‍ഫോഴ്സും ചേര്‍ന്ന് കണ്ടെത്തി രക്ഷിച്ചു. ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികള്‍ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.  മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ തുടങ്ങിയ ഇടം മുതല്‍ കോഴിക്കോട് ജില്ല വരെ ജലം ഒഴുകി ഇറങ്ങിയ സ്ഥലത്ത് മുഴുവന്‍ പൊലീസ് തിരച്ചില്‍ നടത്തും. ഓരോ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധനയെന്ന് എഡിജിപി അജിത് കുമാര്‍  പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ 49 കുട്ടികള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തകര്‍ന്ന സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ എങ്ങനെ വേണമെന്നതില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media