വൈറസ് വന്നത് വുഹാന്‍ ലാബില്‍ നിന്ന്? കൊവിഡ്
വ്യാപനത്തിന് മുന്‍പ് ഗവേഷകര്‍ ചികിത്സ തേടി, റിപ്പോര്‍ട്ട്
ബെയ്ജിങ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൊവിഡ്-19 മഹാമാരിയുടെ ദുരുതം അനുഭവിക്കുന്നത് തുടരുന്നതിനിടെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ പുതിയ റിപ്പോര്‍ട്ട്. കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകര്‍ അജ്ഞാതരോഗത്തിന് ചികിത്സ തേടിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് വ്യാപന സാധ്യതകള്‍ ഗവേഷകര്‍ മുന്‍പേ കണ്ടിരുന്നുവെന്നാണ് ആരോപണം.
വിവരങ്ങള്‍ പങ്കുവച്ച് വാള്‍സ്ട്രീറ്റ് ജേണല്‍
കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ രോഗബാധിതരായിരുന്നു എന്ന് വ്യക്തമാക്കുമ്പോള്‍ ഇവരില്‍ കൊവിഡ് സ്ഥിരീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തമല്ല. അജ്ഞാതരോഗത്തിന് ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മൂന്ന് പേരില്‍ കൂടുതല്‍ ചികിത്സ തേടിയോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണെന്ന് യു എസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നത്. അതേസമയമ്മ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകര്‍ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഗവേഷകര്‍ക്ക് കൊവിഡ് ബാധയുണ്ടായ സമയം, ആശുപത്രിയില്‍ നിന്ന് ലഭിച്ച ചികിത്സകളുടെ വിവരം, രോഗബാധിതരായ ഗവേഷകരുടെ എണ്ണം എന്നിവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് ബാധയിലാണോ ഇവര്‍ ചികിത്സ തേടിയതെന്ന് വ്യക്തമല്ല. അതേസമയം, വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രതികരിക്കാന്‍ ചൈനയും അമേരിക്കയും തയ്യാറായിട്ടില്ല.
കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയെങ്കിലും ആരോപണങ്ങള്‍ ചൈന തള്ളിയിരുന്നു. എന്നാല്‍, നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൈനയുടെ നിലപാടുകള്‍ തള്ളുകയാണ്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നും പുറത്തുവന്നതല്ലെന്ന നിലപാടിലാണ് ചൈന. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമായെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണവുമായി പ്രത്യക്ഷത്തില്‍ അടുപ്പം കാണിക്കുന്ന ചൈനീസ് സര്‍ക്കാര്‍ കൂടുതല്‍ രേഖകള്‍ നല്‍കാന്‍ മടിക്കുകയാണെന്ന് സംഘത്തിലെ ചില അംഗങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാഴ്ത്തിയ കൊവിഡ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ചൈനയില്‍ നടത്തുന്ന അന്വേഷണത്തിനെതിരെ വിവിധ രാജ്യങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. അന്വേഷണത്തോട് ചൈന സഹകരിക്കുന്നില്ലെന്ന ആരോപണം ശക്തമായി തുടരുന്നതിനിടെ യു എസ്, നോര്‍വെ, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആശങ്ക പങ്കുവച്ചിരുന്നു. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചൈന വിട്ടുനല്‍കണമെന്നാണ് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് വ്യാപനം ഉണ്ടായതെന്ന് ട്രംപ് ഭരണകൂടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.