കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്ന് മുതല്‍: 30 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
 


തിരുവനന്തപുരം: കെ എസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്ന് ഉണ്ടായേക്കും.ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പണം നല്‍കാന്‍ അനുമതി നല്‍കും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തീരുമാനം.കൂടുതല്‍ തുക ആവശ്യമെങ്കില്‍ താത്കാലിക
സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശമ്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്റെ  പ്രതിഷേധ സംഗമം ഇന്ന് ട്രാന്‍പോര്‍ട്ട് ഭവന് മുന്നില്‍ നടക്കും

ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ മൂന്ന് വാരം കാത്തിരുന്നു. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎന്‍ടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകള്‍ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ സര്‍ക്കാര്‍ അനങ്ങിത്തുടങ്ങി. ശമ്പളത്തുക മാനേജ്‌മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന  നിലപാടില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആര്‍ടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നല്‍കാന്‍ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു. 

അതേസമയം, പ്രതിസന്ധിക്കിടയിലും സിഎന്‍ജി ബസ്സ് വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കി. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്. ഏപ്രില്‍ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാന്‍ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയില്‍ നടക്കുന്നനിടെയാണ് സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകള്‍ വാങ്ങാനാണ് പദ്ധതി. ആയിരം സിഎന്‍ജി ബസ് വാങ്ങാന്‍ 2016 ലെ ബജറ്റില്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് ഒരു സിഎന്‍ജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളില്‍ ബസ് പ്രായോഗികമല്ലെന്ന വിമര്‍ശനം കെഎസ്ആര്‍ടിസിക്ക് അകത്ത് തന്നെയുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media