മൂന്നു പേരെ കൊന്ന കാട്ടു പോത്ത് കൂടുതല്‍ പേരെ അക്രമിച്ചേക്കാന്‍ സാധ്യത; വെടിവയ്ക്കാന്‍ ഉത്തരവ് 



കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവില്‍ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു. 

കൊല്ലം ഇടമുളക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബര്‍ വെട്ടുന്ന ആളെ കാണാന്‍ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വര്‍ഗീസിനെ കുത്തുകയായിയുന്നു. വര്‍ഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വര്‍ഗീസ് ഗള്‍ഫില്‍ നിന്നെത്തിയത്.  സംസ്ഥാനത്ത് കോട്ടയം എരുമേലിയിലും കൊല്ലത്ത് പുനലൂരിലും കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും, കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോട്ടയത്ത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് എന്നിവരെയും കൊല്ലത്ത് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലാഹര്‍, പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ് എന്നിവരെയും ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്.

മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക രണ്ട് ദിവസത്തിനകം തന്നെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. ബാക്കി അഞ്ച് ലക്ഷം വീതം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, അനന്തരാവകാശികളുടെ വിവരം അടങ്ങിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മുറയ്ക്ക് നല്‍കുന്നതാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media