ദാരിദ്ര്യമാണ് കാരണം; ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി
ഡെല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീകോടതി. ദാരിദ്രമാണ് ഇന്ത്യയിലെ ഭിക്ഷാടനത്തിന് കാരണം. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാട് കോടതിക്ക് സ്വീകരിക്കാന്‍ കഴിയില്ല. മറ്റൊരു വഴിയും ഇല്ലാതാവുമ്പോഴാണ് ഭിക്ഷാടത്തിന് ഇറങ്ങേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭവനരഹിതര്‍ക്കും ഭിക്ഷാടനം നടത്തുന്നവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും ഇവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര, ദില്ലി സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമാവാത്ത സാഹചര്യത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കിടയിലെ കോവിഡ് വ്യാപന ഭീഷണി ഉയര്‍ത്തിക്കാട്ടി അഭിഭാഷകനായ കുഷ് കലാറയായിരുന്നു. സുപ്രീംകോടതിയില്‍ ഹര്‍ജിയില്‍ പറഞ്ഞു.
പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നു. അതിനാല്‍ ഇവ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ച് ഇതൊരു സാമൂഹിക-സാമ്പത്തിക പ്രശ്നമായതിനാല്‍ പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഭിക്ഷാടനം നടത്തുന്നത് തടയാന്‍ വരേണ്യ വീക്ഷണം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവര ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.