യുഎഇയിലേക്ക് പ്രവാസികള്‍ എത്തിത്തുടങ്ങി; ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല


ദുബായ്: മാസങ്ങളായി തുടര്‍ന്നുവന്ന യാത്രാ വിലക്കുകളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഒഴുക്കാണ് യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന്ത്. അതേസമയം, യാത്രക്കാര്‍ വര്‍ധിച്ചതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നു. പല വിമാന കമ്പനികളും നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ നിരക്കാണ് യുഎഇയിലേക്ക് ഈടാക്കുന്നത്. യാത്രക്കാരുടെ തിരക്ക് കുറയുന്നതോടെ ടിക്കറ്റ് നിരക്കും കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരും ഏറെയുണ്ട്.

സന്ദര്‍ശകര്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ്. യാത്രക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമില്ല എന്നതുള്‍പ്പെടെ ഇവിടെ നിയന്ത്രണങ്ങള്‍ കുറവായതും മറ്റ് എമിറേറ്റുകളിലെ യാത്രക്കാര്‍ക്കും വിമാനം ഇറങ്ങാന്‍ അനുമതിയുള്ളതുമാണ് ഇതിന് പ്രധാന കാരണം. ദുബായ്യില്‍ റസിഡന്‍സ് വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെയും (ജിഡിആര്‍എഫ്എ) മറ്റ് എമിറേറ്റുകളില്‍ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയും (ഐസിഎ) അനുമതി നേടിയിരിക്കണമെന്നതാണ് ദുബായിലേക്ക് വരുന്നവര്‍ക്കുള്ള പ്രധാന നിബന്ധന. അതേസമയം, സന്ദര്‍ശക വിസക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ല. അതേസമയം, എല്ലാ തരം വിസക്കാര്‍ക്കും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകച്ച ആര്‍ക്കും ഇവിടെ എത്താം. ഇതുപ്രകാരം ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് എടുത്തവര്‍ക്കും തടസ്സമില്ല.

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആഗസ്ത് 30 മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയതോടെ അബൂദാബിയിലും യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ഇതുപ്രകാരം ആസ്ട്രസെനക്ക, കൊവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ, ഫൈസര്‍, സിനോഫാം, സിനോവാക് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്ക് സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരാനാവും. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ യുഎഇയിലെത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ച് റാപ്പിഡ് കൊവിഡ് പരിശോധനക്ക് വിധേയമാകണം. യാത്ര ചെയ്യുന്നവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണം. അതോടൊപ്പം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലോ അല്‍ഹുസന്‍ ആപ്പിലോ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുകയും വേണം.

അതിനിടെ, സപ്തംബര്‍ അഞ്ച് ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ അബൂദാബി തീരുമാനിച്ചു. വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. അതേസമയം വാക്സിന്‍ എടുത്തവരും എടുക്കാത്തവരും 48 മണിക്കൂറിനകത്തുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അധികൃതരെ ഉദ്ധരിച്ച് ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തിയ ഉടനെയും നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. അതേസമയം, വാക്സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ തുടരും. ഇവര്‍ വിമാനത്താവളത്തില്‍ വച്ചും ഒന്‍പതാം ദിവസവുമാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്.

അതിനിടെ, ഒമാന്‍ പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് പിന്‍വലിച്ചതോടെ കര-വ്യോമ മാര്‍ഗങ്ങളിലൂടെ നിരവധി പേരാണ് യുഎഇയിലേക്ക് എത്തുന്നത്. കര അതിര്‍ത്തികള്‍ വഴി ഒമാനില്‍ നിന്ന് എത്തിയ യാത്രക്കാരെ സമ്മാനങ്ങള്‍ നല്‍കിയാണ് യുഎഇ അധികൃതര്‍ എതിരേറ്റത്. കോവിഡിന് ശേഷം ആദ്യമായാണ് യുഎഇ - ഒമാന്‍ അതിര്‍ത്തി പൂര്‍ണമായും വിദേശ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനക്കായി വിപുലമായ സംവിധാനങ്ങള്‍ യുഎഇ ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തി കടക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിര്‍ത്തി കടന്നാലുടന്‍ വീണ്ടും പിസിആര്‍ പരിശോധനയുണ്ടാകും. യുഎഇയില്‍ എത്തിയതിന്റെ നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ ടെസ്റ്റിന് വിധേയരാവണമെന്നും നിബന്ധനയുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media