കോഴിക്കോട്:ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ പുതിയ കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ടുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നല്‍കി.
കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്നും അതിരാവിലെ പുറപ്പെട്ട് ദേശീയപാത വഴി വളാഞ്ചേരി, കൊപ്പം, ചെര്‍പ്പുളശ്ശേരി, കോങ്ങാട്, പാലക്കാട് വഴി നെന്മാറയിലെത്തുന്ന രീതിയിലും വൈകുന്നേരം 5 മണിക്ക് നെന്മാറയില്‍ നിന്നും തിരിച്ച് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന രീതിയിലും പുതിയ ബസ് റൂട്ട് ആരംഭിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ ഗോവിന്ദപുരത്ത് നിന്നും കൊല്ലങ്കോട്, വടവന്നൂര്‍, പുതുനഗരം, ചിറ്റൂര്‍, പാലക്കാട്, കോങ്ങാട്, ചെര്‍പ്പുളശ്ശേരി, കൊപ്പം, വളാഞ്ചേരി എന്നിവിടങ്ങള്‍ വഴി ദേശീയപാതയിലൂടെ രാവിലെ 11 മണിയോടെ കോഴിക്കോട് എത്തിച്ചേരുന്നതും വൈകുന്നേരം 5 മണിക്ക് കോഴിക്കോട് നിന്നും തിരിച്ച് സര്‍വീസ് നടത്തുന്നതുമായ പുതിയ കെ.എസ്.ആര്‍.ടി.സി. റൂട്ട് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് ബത്തേരി വഴി കല്‍പ്പറ്റ വരെ ദിവസേന കുറഞ്ഞത് അഞ്ച് ട്രിപ്പുകളെങ്കിലും അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.കോഴിക്കോട് നിന്നും മൂകാംബികയിലേക്ക് ഇന്റര്‍-സ്റ്റേറ്റ് പെര്‍മിറ്റോടുകൂടിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് സി.എന്‍. വിജയകൃഷ്ണന്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു