കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്കു പിന്നില്‍ വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെയറി പ്രൊജക്റ്റിനെ വളര്‍ത്താനുള്ള ഗൂഢ തന്ത്രമാണെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്.മണി. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് കേന്ദ്രമായി ഉയര്‍ന്നു വരുന്ന 200 കോടിയുടെ ഈ സ്വകാര്യ ഡെയറി പ്രൊജക്ടിനു പിന്നില്‍ യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയുടെ നേതാവാണ്. ക്രൗഡ് ഫണ്ടിംഗ് വഴി പണം പിരിച്ചു തുടങ്ങുന്ന ഈ പ്രസ്ഥാനത്തിന്റെ ഓഹരി ഉടമകള്‍ മിക്കവാറും യുഡിഎഫ് അനുകൂല രാഷ്ട്രീയ നിലപാടുള്ളവരാണ്.
ക്ഷീര വികസന വകുപ്പു വയനാട് ഡെപ്യൂട്ടി ഡയറക്ടറെ തന്നെ കണ്ടെത്തി ഭരണസമിതി പിരിച്ചു വിട്ട് മലബാര്‍ മില്‍മയുടെ അഡ്മിനിസ്‌ടേറ്ററാക്കി. ഇയാളെ തന്നെ അന്വേഷണ കമ്മറ്റി മെമ്പറായും നിയമിച്ചു.ഈ ഉത്തരവുകള്‍ക്കു പിന്നില്‍ കളങ്കപ്പെടുത്തി മലബാര്‍ മില്‍മയെ തകര്‍ത്ത് സ്വകാര്യ ഡെയറിക്ക് ലാഭമുണ്ടാക്കുവാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യമാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു സ്വന്തം കമ്പനിയായ ഹെറിറ്റേജിനെ വളര്‍ത്താന്‍ വേണ്ടി പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ വിറ്റിരുന്ന ചിറ്റൂര്‍ ഡിസ്ട്രിക്റ്റ് കോ ഓപ്പറേറ്റീവ് മില്‍ക്ക് യൂണിയനെ വിഴുങ്ങിയിരുന്നു. ഇതിനു സമാനമായി മലബാര്‍ മില്‍മയെ വിഴുങ്ങുക എന്ന ഗൂഡ ലക്ഷ്യം ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുണ്ട്
പ്രതിവര്‍ഷം 1774 കോടി രൂപ വിറ്റുവരവുള്ള കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ് മലബാര്‍ മില്‍മ. ദിനം പ്രതി മൂന്നരക്കോടി രൂപയാണ് പാല്‍വിലയായി മാത്രം ക്ഷീര കര്‍ഷകരുടെ കൈകളിലേക്കെത്തിക്കുന്നത്.
നട്ടാല്‍ മുളക്കാത്ത നുണക്കഥകള്‍ ഉണ്ടാക്കിയാണ് മലബാര്‍ മില്‍മ ഭരണസമിതി പിരിച്ചു വിട്ടത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കാന്‍ അവര്‍ക്കിതുവരെ സാധിച്ചിട്ടില്ല. മില്‍മയുടെ പേരില്‍ ഒരു രൂപപോലും അനധികൃതമയി കൈപ്പറ്റിയിട്ടില്ലെന്ന് ഉറച്ച വിശാസം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിയമവ്യവസ്ഥയേയും ജനങ്ങളേയും ക്ഷീര കര്‍ഷകരേയും വിശ്വാസത്തിലെടുത്ത് ഞങ്ങള്‍ മുന്നോട്ടു പോകും. ലക്ഷക്കണക്കിന് ക്ഷീര കര്‍ഷകരുടെ വിയര്‍പ്പിന്റെ വിലയായ ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും നീതിപീഠത്തില്‍ നിന്ന് അനുകൂല വിധിയുണ്ടാവുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സത്യവും നീതിയും കര്‍ഷകരുടെ വിയര്‍പ്പും ഒടുവില്‍ വിജയം കാണുകതന്നെ ചെയ്യുമെന്ന് കെ.എസ്.മണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മില്‍മ ഫെഡറേഷന്‍ ഡയറക്ടര്‍മാരായ പി.ടി. ശ്രീനിവാസന്‍, നാരായണന്‍ എന്നിവരും പങ്കെടുത്തു.