കോഴിക്കോട്: 74 -ാം വയസില്‍ ഒരിക്കല്‍ കൂടി ദേശീയ പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. ബാക്ക് ആന്‍ഡ് വൈറ്റിലെത്തിയ ഭ്രമയുഗത്തിലെ അവിസ്മരണീയ പ്രകടനമാണ് മലയാളത്തിന്റെ പ്രിയ നടനെ വീണ്ടും രാജ്യത്തെ അഭിനേതാക്കളുടെ മുന്‍ നിരയിലേക്ക് കൈപിടിച്ചുകയറ്റിയത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിലൂടെയാണ് മമ്മൂട്ടി നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ പുരസ്‌കാര നേട്ടത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി, അമിതാഭ് ബച്ചനൊപ്പമെത്തി. ഭ്രമയുഗത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ സിനിമയുടെ അഭ്രപാളികളില്‍ 1989 ലാണ് മമ്മൂട്ടി സ്വന്തം പേര് ആദ്യമായി എഴുതിച്ചേര്‍ത്തത്. മതിലുകളില്‍ തുടങ്ങിയ ആ വീരഗാഥയുടെ നാലാം അധ്യായമാണ് ഇന്ന് 'ഭ്രമ'യുഗത്തിലൂടെ എഴുതിച്ചേര്‍ത്തത്. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ 1989 ലാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. പൊന്തന്‍മാട, വിധേയന്‍ ചിത്രങ്ങളിലൂടെ 1993 ലും മെഗാസ്റ്റാര്‍ രാജ്യത്തെ വിസ്മയിപ്പിച്ചു. ഡോ. ബാബാസാഹേബ് അംബേദ്ക്കറിലൂടെ 1998 ലായിരുന്നു മമ്മൂട്ടിയുടെ മൂന്നാം പുരസ്‌കാര നേട്ടം. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്.
ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി ഇത്തവണ പുരസ്‌കാരം പങ്കിടുകയായിരുന്നു. ചന്തു ചാംപ്യന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കാര്‍ത്തിക്കിനെ മികച്ച നടനാക്കിയത്. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 'അമരന്‍' എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാര്‍ പെരിയസാമി ആണ് മികച്ച സംവിധായകന്‍. ആര്‍ട്ടിക്കിള്‍ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ 'അങ്ങു വാന കോണില്' എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ.