ഇറാന്‍ യുഎസ് സമാധാന കരാര്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോര്‍മുസ് തുറക്കും
കോഴിക്കോട്:ഇറാന്‍-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ധാരണ ഒപ്പിട്ടാല്‍ ഉടനടി ഹോര്‍മുസ് തുറക്കും. സമ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാര്‍ രൂപീകരിക്കും. എന്നാല്‍ ധാരണയില്‍ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
ജനീവയില്‍ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും തമ്മില്‍ കരാര്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാന്‍ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നു നല്‍കാനും ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാനും ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികള്‍ മരവിപ്പിച്ച നടപടി അമേരിക്ക പിന്‍വലിക്കാനും ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും.
അമേരിക്കയും ഇറാനും തമ്മിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായകമായ പ്രാഥമിക സമാധാന കരാര്‍ 24 മണിക്കൂറില്‍ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ അറിയിച്ചിരുന്നു. അടുത്തയാഴ്ച സാങ്കേതിക തല ചര്‍ച്ചകള്‍ തുടരുമെന്നും ഷഹബാസ് ഷരീഫ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചിരുന്നു.