ആന്റണിച്ചേട്ടന്റെ ചായയും ''കോഴിക്കാലും''
">
ആന്റണിച്ചേട്ടന്റെ ചായയും ''കോഴിക്കാലും''
കെ.എം. സന്തോഷ്
ഇതൊരു പഴയ കഥയാണ്. വൈകുന്നേരത്തെ ചായക്ക് കടിയായി കോഴിക്കാല്‍ ഓര്‍ഡര്‍ ചെയ്യുന്നത് കണ്ട് ഞെട്ടിയ കഥ. ദീപികയില്‍ സീനിയര്‍ രിപ്പോര്‍ട്ടറായി ജോലി ചെയ്യുന്നകാലം. ആയിടെ അവിടെ റീജണല്‍ എഡിറ്ററായി വന്ന കെ.എ. ആന്റ്ണിയോടൊപ്പം കാറില്‍ കണ്ണൂരിലേക്കാണ് യാത്ര. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പൊളിറ്റ്ക്കല്‍ കറസ്‌പോണ്ടന്റായിരുന്നു ഞങ്ങള്‍ ആന്റണിയേട്ടന്‍ എന്നു വിളിക്കുന്ന കെ.എ. ആന്റണി. കേരളം കണ്ട എണ്ണപ്പെട്ട ജോണലിസ്റ്റുകളില്‍ ഒരാള്‍. ആള്‍ അത്യാവശ്യം കര്‍ക്കശക്കാരനാണ്. അതുകൊണ്ടു തന്നെ അല്‍പ്പം ഭയഭക്തി ബഹുമാനമൊക്കെ കൂടുതലാണ് അദ്ദേഹത്തിനോട്.
കണ്ണൂര്‍ യാത്രക്കിടയില്‍ തലശേരി എത്തിയപ്പോള്‍ ഞങ്ങള്‍ ചായകുടിക്കാന്‍ നിര്‍ത്തി. സാമാന്യം തിരക്കുള്ള തട്ടുകട. തന്റെ മുഴങ്ങുന്ന ശബ്ദത്തിനിടയില്‍ ആന്റണി ചേട്ടന്‍ പറഞ്ഞു. ''രണ്ട് ചായ ''
ചായ അടിക്കുന്നതിനിടയില്‍ കടക്കാരന്‍ ചോദിച്ചു .... ''എന്താ.. കയ്ക്കാന്‍''
ആന്റണിച്ചേട്ടന്‍ പറഞ്ഞു '' രണ്ട് കോഴിക്കാല്‍''
ഞാന്‍ ആകെ ഞെട്ടി.
ഊണുകഴിച്ചിട്ട് ്്ഒരു മണിക്കൂല്‍ ആകുന്നേയുള്ളൂ. അതിനിടക്ക് ഇയാള്‍ കോഴിക്കാലുകൂടെ കഴിക്കാന്‍ പോകുകയാണോ?
അല്ലെങ്കിലും ചായക്കൊപ്പം ആരെങ്കിലും കോഴിക്കാല്‍ കഴിക്കുമോ?
''നല്ല ചൂട്ള്ള കോയിക്കാലാ... ഈടെ ഇര്ന്ന് കയിച്ചോളി'' .. കടക്കാരന്റെ ശബ്ദം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
ചായഗ്ലാസുകള്‍ക്കൊപ്പം ഇരിക്കുന്ന പ്ലേറ്റിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി!
നീളത്തില്‍ മുറിച്ച കപ്പച്ചീളുകള്‍ കയര്‍പിരിപോലെ വറുത്തെടുത്തിരിക്കുന്നു.
അവയിലൊന്ന് കൈയ്യിലെടുത്ത് ബാക്കിയുള്ളത് എന്റെ നേര്‍ക്കു നീട്ട് ആന്റണിച്ചേട്ടന്‍ പറഞ്ഞു .. ഇതാ ഞങ്ങളെ കണ്ണൂര്‍ക്കാരുടെ കോഴിക്കാല്. മരച്ചീനി കൊണ്ടുണ്ടാക്കുന്നാതാ.
കാലങ്ങള്‍ കഴിഞ്ഞെങ്കിലും തലശേരി വഴി പോകുമ്പോള്‍ ആ കോഴിക്കാല്‍ ഓര്‍മ മനസില്‍ വരും. തലശേരിക്കാരുടെയും കണ്ണൂര്‍ക്കാരുടെയും സ്വന്തം കോഴിക്കാല് എങ്ങിനെയാണ് ഉണ്ടാക്കുകയെന്നു നോക്കാം.
കപ്പ ( നീളത്തില്‍ അരിഞ്ഞത്)- 250 ഗ്രാം
മുളക്പൊടി- 1 ടീസ്പൂണ്‍
കുരുമുളക്പൊടി- 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്- 1 ടീസ്പൂണ്‍
അരിപ്പൊടി- 5 ടീസ്പൂണ്‍
റൊട്ടിപ്പൊടി- 3 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകളല്ലാം നന്നായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പ കുറച്ച് കുറച്ചായി പൊരിച്ചെടുക്കുക.