മഞ്ഞള്‍ ശരീരഭാരം കുറയ്ക്കാന്‍
മഞ്ഞളില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മസംരക്ഷണത്തിനുമെല്ലാം മഞ്ഞല്‍ സഹായകമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുമോ? മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ മഞ്ഞളിന് കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്‌സിഡന്റാണ് മഞ്ഞള്‍. ഒപ്പം ദഹനസഹായിയും.
ശരീരഭാരം കുറയ്ക്കുന്നതില്‍ മഞ്ഞളിന്റെ പങ്ക് അടുത്തിടെയുള്ള ഗവേഷണങ്ങള്‍ പരിശോധിച്ചു. അമിതവണ്ണത്തില്‍ പങ്കുവഹിക്കുന്ന പ്രത്യേക കോശജ്വലന മാര്‍ക്കറുകളെ കുര്‍ക്കുമിന്‍ അടിച്ചമര്‍ത്തുന്നതായി പഠനങ്ങള്‍ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രതിരോധം തടയാനും മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കൊഴുപ്പുകള്‍ ശരീരത്തില്‍ നിലനിര്‍ത്തില്ല.പൊണ്ണത്തടിയുള്ളവര്‍ക്കും പ്രമേഹത്തിന് സാധ്യതയുള്ളവര്‍ക്കും മഞ്ഞള്‍ ധാരാളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ പിത്തരസം ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ അല്‍പം മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കു. അത് ആ ദിവസത്തെ മുഴുവന്‍ ദഹനത്തെ സഹായിക്കും.
മഞ്ഞളിലെ കുര്‍കുമിന്‍ വൈറ്റ് ഫാറ്റിനെ ബ്രൗണ്‍ ഫാറ്റാക്കി മാറ്റുന്നു. ചര്‍മത്തിനു താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗണ്‍ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം അതില്‍ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞള്‍ എനര്‍ജിയാക്കുകയും ചെയ്യുന്നു. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.