
'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ മമ്മൂട്ടിയുടേതായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. 'ക്രിസ്റ്റഫര്‍' ആണ് ഇനി മമ്മൂട്ടി സിനിമയായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേരായി എന്നതാണ് പുതിയ വാര്‍ത്ത.
ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ പ്രൊജക്റ്റുകളെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ സംസാരിച്ചതില്‍ നിന്നാണ് ആരാധകര്‍ പേര് കണ്ടെത്തിയിരിക്കുന്നത്. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 'കണ്ണൂര്‍ സ്‌ക്വാഡ്', 'ക്രിസ്റ്റഫര്‍', 'കാതല്‍' എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകള്‍ എന്ന് മമ്മൂട്ടി പറയുന്നത്.നടി ജ്യോതികയുമായി ഒന്നിക്കുന്ന 'കാതല്‍' ചിത്രം ചിത്രീകരണം പൂര്‍ത്തിയായി എന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു. 'ക്രിസ്റ്റഫര്‍' റിലീസിന് തയ്യാറായെന്നും പറയുന്നു.