
കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകര്‍ക്കുന്ന സിഗരറ്റ്. പല വേദിയില്‍ പലതരത്തില്‍ ചര്‍ച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചര്‍ച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം പറിച്ചെടുക്കും വിധം അവതരിപ്പിച്ച് കയ്യടി നേടുകയാണ് ധൂമം എന്ന സിനിമ . ഇന്ത്യന്‍ സിനിമയിലെ പണം വാരി ഹിറ്റ് സിനിമകളില്‍ വരുന്ന സിനിമകളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രവുമാണ് ധൂമം. മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരം ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമ, സിഗരറ്റ് കൊണ്ട് ഇല്ലാതാകുന്ന ജീവിതങ്ങളുടെയും, അതുകൊണ്ട് വളരുന്ന സിഗരറ്റ് വ്യവസായ ലോകത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് . സാമൂഹിക നന്മയ്ക്കായി സംസാരിക്കുന്ന സിനിമ പ്രേക്ഷകര്‍ കൂടുതല്‍ ഏറ്റെടുക്കുമെന്ന് ഉറപ്പിക്കുകയാണ്.
ഫഹദ് ഫാസിലിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ പുറത്തിറങ്ങിയ സിനിമ ഒരു ത്രില്ലര്‍ സിനിമയായി തന്നെയാണ് ഒരുക്കിയിരിക്കുന്നത് . അടുത്തതായി എന്താണ് സംഭവിക്കുക എന്ന ആകാംഷ നിലനിര്‍ത്തി തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത് . ഇത് തന്നെയാണ് സിനിമയെ കൂടുതല്‍ എന്‍ഗേജിങ് ആക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം അപര്‍ണ ബാലമുരളി നായികയായെത്തുന്ന സിനിമ താരങ്ങളുടെ അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാകുകയാണ് . മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇരുതാരങ്ങളും ഒന്നിക്കുന്ന സിനിമ കൂടിയാവുകയാണിത് .മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പവന്‍ കുമാറാണ്.
ഒരു സിഗരറ്റ് വ്യവസായ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് തലവനായി ജോലി ചെയ്യുന്ന അവിനാഷ് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവിസ്മരണീയമാക്കിയിരിക്കുന്നത് , അവിനാഷിന്റെ ഭാര്യയാണ് അപര്‍ണയുടെ കഥാപാത്രം . ഫഹദിന്റെ ബോസ് ആയെത്തുന്ന റോഷന്‍ മാത്യു അവതരിപ്പിച്ച് കഥാപാത്രം സിധും കാണികളില്‍ ചിന്തകള്‍ ഉയര്‍ത്തി തന്നെയാണ് മുന്നേറുന്നത്.
അഭിനേതാക്കളുടെ നീണ്ട നിരയില്ലാത്ത സിനിമ, കഥാപാത്രങ്ങള്‍ക്കെല്ലാം തങ്ങളുടേതായ വ്യക്തമായ അഭിനയ സാധ്യതയും അതി നിര്‍ണായകമായ കഥാപാത്ര പരിസ്ഥിതിയും നല്‍കുന്നുണ്ട്.