നൂറ് വയസ്സുകാരനാണ് ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം
 

'പൂക്കാലം' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
 



ഈ വര്‍ഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു ഗണേഷ് രാജിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവന്‍ ആണ് ചിത്രത്തില്‍ എത്തിയത്. വിജയരാഘവന്റെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വര്‍ഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകള്‍ എല്‍സിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ഈ സംഭവം ഈ കുടുംബത്തില്‍ പല മാറ്റങ്ങള്‍ക്ക് ഇടയാക്കുകയും പല തിരിച്ചറിവുകള്‍ക്കും കാരണമാകുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്നു ആന്റണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്. 

ആനന്ദത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്റേയും ഡിഒപി. ആനന്ദത്തില്‍ മനോഹര ഗാനങ്ങള്‍ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് സംഗീതവും ഒരുക്കുന്നത്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

Related Posts

0 Comments

Leave a reply